തിരുവനന്തപുരം: മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാസംഘത്തിലുണ്ടായിരുന്ന ‘രക്ഷാപ്രവർത്ത’കരിൽ രണ്ടുപേരെ അദ്ദേഹത്തിനൊപ്പംതന്നെ തുടരാൻ അനുവദിക്കാൻ സമ്മർദം. രക്ഷാപ്രവർത്തനത്തിൽ തുടരന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ ഉദ്യോഗസ്ഥർ പോലീസ് സംഘടനവഴി ഇടപെടലുകൾ നടത്തുന്നതെന്നാണ് വിവരം.
പുതിയ മന്ത്രിമാരുടെ സുരക്ഷാച്ചുമതലയ്ക്ക് തയ്യാറാക്കിയ പോലീസ് ഉദ്യോഗസ്ഥരുടെ പട്ടികയിൽനിന്ന് സ്‌പെഷ്യൽ ബ്രാഞ്ചിന്റെ പ്രതികൂല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രണ്ടുപേരെയും ഒഴിവാക്കിയിട്ടുണ്ട്.
പ്രതിപക്ഷ നേതാവിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ എന്നനിലയിൽ തുടരാൻ അനിൽകുമാർ, സന്ദീപ് എന്നിവരാണ് ശ്രമംനടത്തുന്നത്. പിണറായി വിജയനൊപ്പം നേരത്തേയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരോട് സ്‌റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് ആസ്ഥാനത്ത് തിരികെ റിപ്പോർട്ട് ചെയ്യാനും നിർദേശിച്ചിരുന്നു. അനിൽകുമാർ, സന്ദീപ് എന്നിവർക്കെതിരേ വകുപ്പുതല നടപടിക്കും സാധ്യതയുണ്ട്.
