തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്ലാമിക്ക് നല്‍കേണ്ടി വരുമെന്നതും മാറാട് കലാപം ആവര്‍ത്തിക്കാനുള്ള സാഹചര്യമുണ്ടാകുമെന്നതുമായ സിപിഎം നേതാവ് എ.കെ. ബാലന്റെ പരാമര്‍ശത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണച്ചു. വര്‍ഗ്ഗീയത പറയുന്നവര്‍ ആരായാലും എതിര്‍ക്കുമെന്നും കേരളത്തിന്റെ മുന്‍കാല അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബാലന്‍ സംസാരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുന്‍കാല കേരളം ഇന്നത്തേതില്‍നിന്ന് വ്യത്യസ്തമായിരുന്നുവെന്നും അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിന് വഴിവെച്ചതായും മുഖ്യമന്ത്രി പറഞ്ഞു. മാറാട് കലാപകാലത്ത് എ.കെ. ആന്റണി സ്വീകരിച്ച നിലപാടുകളും അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്‍എസ്എസിന്റെ എതിര്‍പ്പ് ഭയന്നാണ് അന്ന് കുഞ്ഞാലിക്കുട്ടിയെ പോലും കൂടെക്കൂട്ടാന്‍ ആന്റണി തയ്യാറായില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
യുഡിഎഫ് അധികാരത്തിനായി ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് സംസ്ഥാനത്തിന് അപകടകരമായ സാഹചര്യമുണ്ടാക്കുമെന്ന എ.കെ. ബാലന്റെ നിരീക്ഷണത്തില്‍ തെറ്റില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം മുതല്‍ മാറാട് കലാപം വരെയുള്ള രാഷ്ട്രീയ ചരിത്രം ഓര്‍മ്മിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ കടന്നാക്രമണം.
കോണ്‍ഗ്രസിനുള്ളിലെ തന്നെ പഴയ നിലപാടുകള്‍ ഇന്ന് യുഡിഎഫിനെതിരെ തിരിഞ്ഞ് കൊത്തുകയാണെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. ഒരുകാലത്ത് ലീഗിന് കൂടുതല്‍ സീറ്റുകള്‍ നല്‍കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം പറയുന്നില്ലെന്ന വി.ഡി. സതീശന്റെ പ്രസ്താവന വോട്ട് ബാങ്ക് ലക്ഷ്യമിട്ടതാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ജെ.ബി. കോശി കമ്മിഷന്‍: 220 ശുപാര്‍ശകള്‍ നടപ്പാക്കി
ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രി വിശദീകരണം നല്‍കി. കമ്മിഷന്‍ നിര്‍ദേശിച്ച 284 ശുപാര്‍ശകളും 45 ഉപശുപാര്‍ശകളും സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ടെന്നും 17 വകുപ്പുകള്‍ ചേര്‍ന്ന് 220 ശുപാര്‍ശകളില്‍ നടപടി പൂര്‍ത്തിയാക്കിയതായും അദ്ദേഹം അറിയിച്ചു.
ഏഴ് ശുപാര്‍ശകള്‍ മന്ത്രിസഭയുടെ പരിഗണനയ്ക്ക് തയ്യാറാക്കുന്ന നടപടിയിലാണെന്നും ശേഷിക്കുന്നവ നിയമപരവും ഭരണപരവുമായ മാറ്റങ്ങള്‍ ആവശ്യമായതിനാല്‍ സമയമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട അവ്യക്തതകള്‍ നീക്കുന്നതിനായി ഫെബ്രുവരി ആറിന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരുമെന്നും ന്യൂനപക്ഷ സംഘടനകള്‍ക്ക് പങ്കെടുക്കാമെന്നും അദ്ദേഹം അറിയിച്ചു.
2020 നവംബര്‍ അഞ്ചിനാണ് ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ–സാമ്പത്തിക പിന്നാക്കാവസ്ഥ പഠിക്കാന്‍ ജെ.ബി. കോശി കമ്മിഷനെ നിയമിച്ചത്. 2023 മേയ് 23ന് കമ്മിഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.
