‘പിഎം ശ്രീ’യില്‍ കോണ്‍ഗ്രസിലും ഭിന്നത; ഫണ്ട് വാങ്ങുന്നതില്‍ തെറ്റില്ലെന്ന് സതീശന്‍, എതിര്‍ത്ത് കെ സി വേണുഗോപാല്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ‘പിഎം ശ്രീ’ പദ്ധതിയെ ചൊല്ലി കോണ്‍ഗ്രസിനകത്തും അഭിപ്രായ ഭിന്നത. പദ്ധതി ഫണ്ട് സ്വീകരിക്കുന്നതിനെ പിന്തുണച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കേന്ദ്ര ഫണ്ടിന് എതിരല്ലെന്ന് വ്യക്തമാക്കി. “മോദിയുടെ വീട്ടില്‍ നിന്നല്ല ഫണ്ട് വരുന്നത്; അത് ജനങ്ങളുടെ നികുതി പണമാണെന്നും, ഫണ്ടിനൊപ്പം ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയ നിബന്ധനകള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കരുത്” എന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ തങ്ങള്‍ അധികാരത്തിലെത്തുന്നതിന് മുന്‍പ് തന്നെ പദ്ധതി നടപ്പാക്കിയതാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. “പദ്ധതി നടക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ചപ്പോള്‍ സഖാക്കള്‍ കയ്യടിച്ചു; ഇപ്പോള്‍ സിപിഎം ഒറ്റയ്ക്ക് മുന്നോട്ട് പോകുന്നു,” – അദ്ദേഹം വിമര്‍ശിച്ചു.

അതേസമയം, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഈ നിലപാടിനെ ശക്തമായി എതിര്‍ത്തു. “പിഎം ശ്രീ പദ്ധതി സിപിഎം-ബിജെപി ഡീലിന്റെ ഭാഗമാണ്. സിലബസില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള നീക്കമാണിത്,” – വേണുഗോപാല്‍ പറഞ്ഞു. സിപിഐ നിലപാടില്‍ ഉറച്ച് നില്‍ക്കണമെന്നും, കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഈ പദ്ധതിയില്‍ സഹകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ മകനുമായി ബന്ധപ്പെട്ട ഇഡി നോട്ടീസ് മറച്ചുവെച്ചതും, ലാവലിന്‍ കേസിലെ നീണ്ട താമസവും സിപിഎം-ബിജെപി ബന്ധത്തിന്റെ തെളിവുകളാണെന്നും വേണുഗോപാല്‍ ആരോപിച്ചു. “മഹാത്മാഗാന്ധിയെക്കുറിച്ച് പഠിക്കേണ്ട, ഗോഡ്‌സേയെക്കുറിച്ച് പഠിച്ചാല്‍ മതിയെന്ന് പറയുന്ന അജണ്ടയെ കേരളം വിഴുങ്ങില്ല,” – വേണുഗോപാല്‍ പറഞ്ഞു.

malayalampulse

malayalampulse