വിളിക്കാതെയെത്തി പ്രകടനം; സുനിൽ സ്വാമിക്കെതിരെ പരാതി നൽകാൻ ശ്രീനിവാസന്റെ ബന്ധുക്കൾ

കൊച്ചി: നടൻ ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകളിൽ ആരും ക്ഷണിക്കാതെയെത്തി കാർമികത്വം ഏറ്റെടുത്ത സുനിൽ സ്വാമിക്കെതിരെ കുടുംബം കടുത്ത അതൃപ്തി രേഖപ്പെടുത്തി. സുനിൽ ദാസ് എന്ന യഥാർത്ഥ പേരിലുള്ള ഇയാൾ ചടങ്ങിലേക്ക് അനധികൃതമായി കടന്നുകയറി കുടുംബം വിളിച്ച കർമികളെ മറികടന്ന് മുഖ്യകർമിയായുള്ള പ്രകടനം നടത്തിയെന്നാണ് ആരോപണം.

ശ്രീനിവാസന്റെ കുടുംബം വേർപാടിന്റെ വേദനയിൽ കഴിയുന്നതിനിടെയാണ് അനുമതിയില്ലാതെ എത്തിയ സുനിൽ സ്വാമി സംസ്‌കാര ചടങ്ങിന്റെ കാർമികത്വം സ്വയം ഏറ്റെടുത്തത്. കുടുംബാംഗങ്ങൾക്കോ അടുത്ത ബന്ധുക്കൾക്കോ ഇയാളെ പരിചയമില്ലായിരുന്നുവെന്നും, വിളിച്ച കർമികളെ മാറ്റിനിർത്തിയാണ് ഇയാൾ ചടങ്ങിൽ മുഖ്യസ്ഥാനമേറ്റതെന്നും കുടുംബം ആരോപിക്കുന്നു.

പാലക്കാട് മുതലമട സ്വദേശിയായ സുനിൽ ദാസ് ‘സ്‌നേഹം ചാരിറ്റബിള്‍ ട്രസ്റ്റ്’ എന്ന സംഘടനയുടെ മറവിൽ നിരവധി തട്ടിപ്പുകൾ നടത്തിയ കേസുകളിൽ പ്രതിയാണെന്ന് ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു. ഇയാൾക്കെതിരെ കേരള പൊലീസും തമിഴ്‌നാട് പൊലീസും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, വിവിധ കേസുകളിലായി ജയിൽ ശിക്ഷ അനുഭവിച്ച വ്യക്തിയാണെന്നും റിപ്പോർട്ടുകളുണ്ട്.

സംഭവത്തിൽ നിയമനടപടികൾ സ്വീകരിക്കുന്നതടക്കമുള്ള നടപടികൾക്കായി പരാതി നൽകാൻ ശ്രീനിവാസന്റെ ബന്ധുക്കൾ ആലോചിക്കുന്നതായാണ് സൂചന.

malayalampulse

malayalampulse