അബുദാബി: ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ താൽക്കാലികമായി അടച്ചിരുന്ന യുഎഇയുടെ വ്യോമപാത വീണ്ടും തുറന്നു. ഏകദേശം ഒരു മണിക്കൂറോളം ആയിരുന്നു വ്യോമപാത അടച്ചിട്ടത്. സുരക്ഷാ സാഹചര്യം സമഗ്രമായി വിലയിരുത്തിയ ശേഷവും ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ചതിനുശേഷവുമാണ് വ്യോമപാത തുറന്നതെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
താൽക്കാലിക അടച്ചുപൂട്ടൽ സമയത്ത് യാത്രക്കാരും വിമാനക്കമ്പനികളും നൽകിയ സഹകരണത്തിന് അധികൃതർ നന്ദി രേഖപ്പെടുത്തി.
ഇതിനിടെ ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ചെറുക്കുകയാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം ഡ്രോൺ ആക്രമണത്തെ തുടർന്ന് അബുദാബിയിലെ ഷാ എണ്ണപ്പാടത്തിൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. അബുദാബി നഗരത്തിൽ നിന്ന് ഏകദേശം 180 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഷാ ലോകത്തിലെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളിൽ ഒന്നാണ്. ദിവസേന ഏകദേശം 1.28 ബില്യൺ സ്റ്റാൻഡേർഡ് ക്യുബിക് അടി ഗ്യാസ് ഇവിടെ ഉത്പാദിപ്പിക്കുന്നു.
തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായും ആർക്കും പരിക്കേറ്റിട്ടില്ലെന്നുമാണ് റിപ്പോർട്ട്. യുദ്ധത്തിന്റെ ഭാഗമായി ഇറാൻ യുഎഇയുടെ ഊർജ്ജ, ഗതാഗത അടിസ്ഥാന സൗകര്യങ്ങളെ ആവർത്തിച്ച് ലക്ഷ്യമിടുകയാണെന്ന് യുഎഇ ആരോപിച്ചു.
കഴിഞ്ഞ ദിവസം യുഎഇയിലെ ഫുജൈറ പെട്രോളിയം വ്യാവസായിക മേഖലയെ ലക്ഷ്യമിട്ടുണ്ടായ ഡ്രോൺ ആക്രമണത്തിൽ വലിയ തീപിടുത്തമുണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
