കൊല്ലം: പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കോൺഗ്രസ് പ്രവർത്തകരുടെ നേർച്ചയുടെ ഭാഗമായി സ്കന്ദഷഷ്ഠി ദിനത്തിൽ കൊല്ലം പന്മന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തുലാഭാരം നടത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സതീശൻ വിജയിക്കുകയാണെങ്കിൽ തുലാഭാരം നടത്താമെന്ന് പന്മനയിലെ കോൺഗ്രസ് പ്രവർത്തകർ നേർന്നിരുന്നു.
ദക്ഷിണ പളനിയിൽ ഭക്തിയോടെ
ഉച്ചയ്ക്ക് 1.30ന് ക്ഷേത്രത്തിലെത്തിയ പ്രതിപക്ഷനേതാവിനെ വാദ്യമേളങ്ങളോടെയാണ് സ്വീകരിച്ചത്. അദ്ദേഹം ക്ഷേത്രത്തിന് പ്രദക്ഷിണം വെച്ചശേഷം ദർശനം നടത്തി. തുടർന്ന് ഉണ്ണിയപ്പം കൊണ്ട് തുലാഭാരം നടത്തി.
പ്രധാന ദിവസമായ സ്കന്ദഷഷ്ഠിക്കുതന്നെ ദക്ഷിണ പളനി എന്നറിയപ്പെടുന്ന പന്മന ക്ഷേത്രത്തിൽ തുലാഭാരം നടത്താൻ സാധിച്ചത് ദേവന്റെ അനുഗ്രഹമായി കാണുന്നെന്ന് സതീശൻ പ്രതികരിച്ചു.
കൊട്ടാരക്കര ഉണ്ണിയപ്പം തുലാഭാരത്തിന്
തുലാഭാരത്തിനായി ഉപയോഗിച്ചത് കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പമായിരുന്നു. കൊട്ടാരക്കര ക്ഷേത്രത്തിൽ ഉണ്ണിയപ്പം ഉണ്ടാക്കുന്ന ജീവനക്കാർ പന്മന ക്ഷേത്രത്തിലെത്തിയാണ് തുലാഭാരത്തിന് വേണ്ടിയുള്ള ഉണ്ണിയപ്പം തയ്യാറാക്കിയത്. എണ്ണായിരത്തിലധികം ഉണ്ണിയപ്പം വേണ്ടിവന്നു.
ചടങ്ങിന് സാക്ഷ്യം വഹിക്കാൻ കോൺഗ്രസ് നേതാക്കളുൾപ്പെടെ നിരവധി പേർ ക്ഷേത്രത്തിൽ എത്തിയിരുന്നു. പന്മന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പന്മന ബാലകൃഷ്ണൻ, കെപിസിസി ജനറൽ സെക്രട്ടറി പി. ജർമിയാസ്, ഡിസിസി വൈസ് പ്രസിഡന്റ് ആർ. അരുൺ രാജ്, കോലത്ത് വേണുഗോപാൽ, പന്മന ജി. വേലായുധൻകുട്ടി, എസ്. ലാലു, ആർ. ജയകുമാർ, ചവറ ഹരീഷ്കുമാർ, ജിത്ത് എന്നിവരും മറ്റ് നേതാക്കളും ചേർന്ന് പ്രതിപക്ഷ നേതാവിനെ സ്വീകരിച്ചു.
