മുഖ്യമന്ത്രി ചര്‍ച്ചയില്‍ യുഡിഎഫില്‍ വീണ്ടും പുകഞ്ഞു ഭിന്നത; മാത്യു കുഴല്‍നാടനെതിരെ യൂത്ത് ലീഗ് ഫ്‌ലക്‌സ്

കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ മുന്നണിക്കുള്ളില്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിവെക്കുന്നു. മുസ്ലിം ലീഗിന്റെ നിലപാടിനെതിരെ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ കോണ്‍ഗ്രസ്-ലീഗ് ബന്ധത്തില്‍ അസ്വാരസ്യം സൃഷ്ടിച്ചിരിക്കുന്നത്. ഇതിനെതിരെ കണ്ണൂര്‍ ഇരിക്കൂറില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു.

‘കുഴല്‍നാടാ നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട’, ‘പട നയിച്ചവര്‍ ഭരിക്കട്ടെ’ എന്നീ വാചകങ്ങളാണ് ഫ്‌ലക്‌സുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ലീഗിന്റെ നിലപാടിനെ അനുകൂലിക്കുന്ന സന്ദേശവുമാണ് ഇതിലൂടെ നല്‍കുന്നത്.

മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നും മുസ്ലിം ലീഗ് അതില്‍ ഇടപെടേണ്ടതില്ലെന്നുമായിരുന്നു മാത്യു കുഴല്‍നാടന്റെ പ്രതികരണം. മുസ്ലിം ലീഗിന്റെ ആഭ്യന്തര കാര്യങ്ങളില്‍ കോണ്‍ഗ്രസ് ഇടപെടാറില്ലെന്നും അതുപോലെ പരസ്പര ബഹുമാനം പാലിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

ലീഗ് രാഷ്ട്രീയമായി ആക്രമിക്കപ്പെട്ടപ്പോഴൊക്കെ കോണ്‍ഗ്രസ് ഒപ്പമുണ്ടായിരുന്നുവെന്നും മുന്നണി രാഷ്ട്രീയത്തില്‍ ധാരണയും മര്യാദയും അനിവാര്യമാണെന്നും കുഴല്‍നാടന്‍ ചൂണ്ടിക്കാട്ടി. ഹൈക്കമാന്‍ഡ് ജനാധിപത്യപരമായി ഉചിതമായ തീരുമാനം എടുക്കുമെന്നും പാര്‍ട്ടി തീരുമാനിക്കുന്ന വ്യക്തി മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, യൂത്ത് ലീഗിന്റെ പ്രതിഷേധം യുഡിഎഫിനുള്ളിലെ അഭിപ്രായ ഭിന്നത പരസ്യമാകുന്ന പുതിയ സംഭവമായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ അവസാനഘട്ടത്തിലെത്തുമ്പോള്‍ ഘടകകക്ഷികളുടെ നിലപാടുകള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കൂടുതല്‍ സമ്മര്‍ദ്ദമാകുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്.

malayalampulse

malayalampulse