കൊച്ചി: സംസ്ഥാന സർക്കാരിന്റെ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ദിനത്തിൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകളുടെ യാത്രയിൽ വൻ വർധന രേഖപ്പെടുത്തി. പദ്ധതിയുടെ ആദ്യദിനമായ ഇന്നലെ 13,29,938 സ്ത്രീകൾ സൗജന്യമായി യാത്ര ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ച യാത്ര ചെയ്ത 7,34,693 സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 50 ശതമാനം വർധനയാണ് ഉണ്ടായത്. ഉദ്ഘാടനദിനത്തിൽ മാത്രം 5,95,245 പേർ അധികമായി കെഎസ്ആർടിസി ഓർഡിനറി ബസുകൾ ഉപയോഗിച്ചു.
സ്ത്രീകൾക്ക് നൽകിയ സൗജന്യ യാത്രയുടെ ടിക്കറ്റ് മൂല്യമായി ആദ്യദിനത്തിൽ 2,20,49,159 രൂപ കണക്കാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
പദ്ധതിയുടെ ഉദ്ഘാടനത്തെ സ്ത്രീകൾ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചതെന്നും, ഉദ്ഘാടന ദിനാഘോഷത്തിന്റെ ഭാഗമായുണ്ടായ കൂടുതൽ യാത്രകളാണ് യാത്രികരുടെ എണ്ണത്തിൽ ഗണ്യമായ വർധനയ്ക്ക് കാരണമായതെന്നും കെഎസ്ആർടിസി വിലയിരുത്തുന്നു.
