മധു വധക്കേസ്: ഓഗസ്റ്റ് 25നകം സുപ്രീം കോടതിയിൽ അപ്പീൽ നൽകണം; കുടുംബം മന്ത്രി കെ. എ. തുളസിയെ കണ്ടു

സരസുവിന് ജോലി തിരികെ ലഭിക്കുമോ? മധുവിന്റെ കുടുംബത്തിന് ഉറപ്പുനൽകി മന്ത്രി കെ. എ. തുളസി

തിരുവനന്തപുരം: അട്ടപ്പാടി മധുവിന്റെ കുടുംബം മന്ത്രി കെ. എ. തുളസിയെ സന്ദർശിച്ചു; ഓഗസ്റ്റ് 25 നകം സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകണമെന്ന് കുടുംബം; സഹോദരിയുടെ കുട്ടികളുടെ പഠനാവശ്യത്തിൽ സർക്കാർ ഉടൻ നടപടിയെടുക്കും; കഴിഞ്ഞ സർക്കാർ ജോലിയിൽ നിന്നും പുറത്താക്കിയ സഹോദരിക്കെതിരായ നടപടി പരിശോധിക്കുമെന്നും മന്ത്രിയുടെ ഉറപ്പ്.

തിരുവനന്തപുരം: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ സഹോദരി സരസുവും ബന്ധുക്കളും പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസിയെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചു. മധു വധക്കേസിലെ നിയമപോരാട്ടങ്ങളിലെ പുതിയ സാഹചര്യങ്ങളും തങ്ങളുടെ കടുത്ത ജീവൽപ്രശ്നങ്ങളും ചൂണ്ടിക്കാണിച്ചാണ് കുടുംബം മന്ത്രിയെ സന്ദർശിച്ചത്.

2026 മെയ് 25-നായിരുന്നു മധു വധക്കേസിൽ ഹൈക്കോടതിയുടെ നിർണ്ണായക വിധി പുറത്തുവന്നത്. ശാസ്ത്രീയ-ഡിജിറ്റൽ തെളിവുകളുടെ അഭാവം മുൻനിർത്തി കേസിലെ ഒന്നാം പ്രതി മേച്ചേരിൽ ഹുസൈനെ ഹൈകോടതി കുറ്റവിമുക്തനാക്കിയിരുന്നു. വിചാരണക്കോടതി ശിക്ഷിച്ച ഒന്നാം പ്രതിയെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ അപ്പീൽ നൽകുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി. ഡി. സതീശൻ മധുവിന്റെ കുടുംബത്തിന് ഉറപ്പ് നൽകിയിരുന്നതാണ്. വരുന്ന ഓഗസ്റ്റ് 25 നകം സുപ്രീം കോടതിയിൽ അപ്പീൽ നടപടികൾ പൂർത്തിയാക്കണമെന്ന് കുടുംബം മന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം അടിയന്തരമായി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി കെ. എ. തുളസി ഉറപ്പ് നൽകി.

കഴിഞ്ഞ സർക്കാർ ജോലിയിൽ നിന്നും പിരിച്ചുവിട്ട
സരസുവിനെ തിരിച്ചെടുക്കുന്നത് പരിശോധിക്കും

നിയമപോരാട്ടങ്ങൾക്കൊപ്പം തങ്ങളുടെ ജീവൽപ്രശ്നങ്ങളും കുടുംബം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. മധുവിന്റെ കേസിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് നിരന്തരം കോടതിയും ഓഫീസുകളും കയറിയിറങ്ങേണ്ടി വന്നതിനെ തുടർന്ന് സഹോദരി സരസുവിന് അട്ടപ്പാടി തുടുക്കി അങ്കണവാടിയിലെ വർക്കാർ സ്ഥിരം ജോലി നഷ്ടപ്പെട്ടിരുന്നു. കുടുംബത്തിന്റെ ഏക ഉപജീവനമാർഗ്ഗമായ ഈ ജോലി പുനഃസ്ഥാപിച്ചു നൽകണമെന്ന് ഇവർ മന്ത്രി കെ എ തുളസിയോട് ആവശ്യപ്പെട്ടു. 2024 ഫെബ്രുവരിയിലാണ് സരസുവിനെ കഴിഞ്ഞ സർക്കാർ ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. ഈ വിഷയം പ്രത്യേകമായി സർക്കാർ പരിശോധിക്കാമെന്ന് മന്ത്രി കുടുംബത്തിന് ഉറപ്പ് നൽകി.

കുട്ടികളുടെ പഠനത്തിന് ഉടൻ നടപടി

സരസുവിന്റെ മക്കളായ ആദിഷ്, ഹൃദ്യ എന്നിവരുടെ പഠനം തിരുവനന്തപുരം ഞാറനീലി ഇലഞ്ചിയത്ത് വകുപ്പിന് കീഴിലുള്ള ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ. സ്കൂളിലേക്ക് മാറ്റി നൽകണമെന്ന് മധുവിൻ്റെ കുടുംബം മന്ത്രിയോട് അഭ്യർത്ഥിച്ചു. നിലവിൽ രണ്ടും മൂന്നും ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. എ. തുളസി വ്യക്തമാക്കി. മധുവിന്റെ കുടുംബം ഉന്നയിച്ച എല്ലാ ആവശ്യങ്ങളും തികച്ചും അനുഭാവപൂർവ്വം പരിഗണിക്കുമെന്നും ആവശ്യമായ അടിയന്തര നടപടികൾ വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും മന്ത്രി കുടുംബത്തെ അറിയിച്ചു.

malayalampulse

malayalampulse