മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരളത്തിന്റെ നീക്കം തടയും: ടിവികെ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിൽ പുതിയ അണക്കെട്ട് നിർമ്മിക്കാൻ കേരള സർക്കാർ നടത്തുന്ന ശ്രമങ്ങൾ ശക്തമായി എതിർക്കുമെന്നും അത് തടയാൻ നടപടികൾ സ്വീകരിക്കുമെന്നും ടിവികെ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം. തെക്കൻ തമിഴ്നാട്ടിലെ ജനങ്ങളുടെ ജീവനാഡിയാണ് മുല്ലപ്പെരിയാർ അണക്കെട്ടെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി.

2014-ൽ സുപ്രീം കോടതി അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്താൻ അനുമതി നൽകിയതും, അണക്കെട്ട് കൂടുതൽ ബലപ്പെടുത്തിയ ശേഷം 152 അടിയായി ഉയർത്താമെന്ന് നിർദേശിച്ചതും നയപ്രഖ്യാപനത്തിൽ പരാമർശിച്ചു. എന്നാൽ അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള ജോലികൾക്ക് അനുമതി നിഷേധിക്കപ്പെടുന്നതായും, പുതിയ അണക്കെട്ട് വേണമെന്ന ആവശ്യത്തിൽ കേരള സർക്കാർ ഉറച്ചുനിൽക്കുന്നതായും പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. അണക്കെട്ടിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനും ജലനിരപ്പ് ഉയർത്തുന്നതിനുമായി സർക്കാർ നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി.

തമിഴ് തായ് വാഴ്ത്തോടെയാണ് നിയമസഭാ സമ്മേളനം ആരംഭിച്ചത്. തുടർന്ന് ദേശീയഗാനം ആലപിച്ചു. പുതിയ അംഗങ്ങളെ അഭിനന്ദിച്ചുകൊണ്ടാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. ജാതിക്കും മതത്തിനും പണത്തിനും അതീതമായ പാർട്ടിയാണ് ടിവികെയെന്നും പ്രസംഗത്തിൽ അവകാശപ്പെട്ടു. പെരിയാർ, അണ്ണാദുരൈ, അംബേദ്കർ എന്നിവരുടെ ആശയങ്ങളും പ്രസംഗത്തിൽ പരാമർശിച്ചു.

മുൻ ഡിഎംകെ സർക്കാരിനെതിരെ ലഹരി വ്യാപനം തടയുന്നതിൽ പരാജയപ്പെട്ടുവെന്ന വിമർശനവും നയപ്രഖ്യാപനത്തിൽ ഉയർന്നു. സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ വർധിക്കുന്നതിന് ലഹരിയൊഴുക്കാണ് പ്രധാന കാരണമെന്നും കുറ്റപ്പെടുത്തി. ദ്വിഭാഷാ നയം തുടരുമെന്നും ദേശീയ വിദ്യാഭ്യാസ നയത്തെ ശക്തമായി എതിർക്കുമെന്നും ഗവർണർ വ്യക്തമാക്കി. സംസ്ഥാന താൽപര്യങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ദ്രാവിഡ രാഷ്ട്രീയത്തിന്റെ നിലപാടുകൾ തുടരുമെന്നും ടിവികെ സർക്കാർ പ്രഖ്യാപിച്ചു.

malayalampulse

malayalampulse