സർക്കാർ സ്‌കൂളിൽ നിന്ന് ചന്ദ്രദൗത്യത്തിലേക്ക്; പ്രചോദനമായി ആന്ധ്രാപ്രദേശിലെ കണ്ടുല ജെസ്സി

സാഹചര്യങ്ങൾ സ്വപ്നങ്ങൾക്ക് മുന്നിൽ തടസ്സമല്ലെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ് ആന്ധ്രാപ്രദേശിലെ ഒരു സാധാരണ മരപ്പണിക്കാരന്റെ മകളായ കണ്ടുല ജെസ്സി. സാമ്പത്തിക പ്രയാസങ്ങൾ കാരണം സ്വകാര്യ സ്കൂളിൽ നിന്ന് സർക്കാർ സ്കൂളിലേക്ക് മാറേണ്ടി വന്നെങ്കിലും തന്റെ ലക്ഷ്യങ്ങളിൽ നിന്ന് അവൾ ഒരടി പോലും പിന്നോട്ടുപോയില്ല.
ലോകത്തിലെ ആദ്യത്തെ ‘ഓൾ-ഗേൾസ് ലൂണാർ ക്യൂബ്‌സാറ്റ്’ (All-Girls Lunar CubeSat) പദ്ധതിയായ ShakthiSAT-ലേക്ക് ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 20 വിദ്യാർത്ഥിനികളിൽ ഒരാളെന്ന വലിയ നേട്ടമാണ് ജെസ്സി ഇപ്പോൾ കൈവരിച്ചിരിക്കുന്നത്!

108 രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് മത്സരാർത്ഥികളോട് പോരാടിയാണ് ജെസ്സി ഈ അംഗീകാരം നേടിയെടുത്തത്. സർക്കാർ സ്‌കൂളിലെ ‘അടൽ ടിങ്കറിംഗ് ലാബിൽ’ (Atal Tinkering Lab) നിന്ന് തുടങ്ങിയ ശാസ്ത്രയാത്രയാണ് നൂറുകണക്കിന് മണിക്കൂറുകളുടെ കഠിനാധ്വാനത്തിലൂടെയും പരിശീലനത്തിലൂടെയും അവളെ ഇന്ന് ഈ ഉയരത്തിൽ എത്തിച്ചിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ നടന്ന ഇംഗ്ലീഷ് അഭിമുഖത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ജെസ്സി സെലക്ഷൻ നേടിയത്.

ചെറിയ ഉപഗ്രഹങ്ങളുടെ രൂപകൽപ്പന മുതൽ ബഹിരാകാശ സാങ്കേതികവിദ്യ വരെ പ്രമുഖ വിദഗ്ദ്ധരിൽ നിന്ന് നേരിട്ട് പഠിക്കാനുള്ള അവസരമാണ് ഈ മിടുക്കിക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ന്യൂഡൽഹിയിലെ പരിശീലനത്തിന് ശേഷം ശ്രീഹരിക്കോട്ടയിൽ നിന്ന് നടക്കുന്ന വിക്ഷേപണ ദൗത്യത്തിൽ ഭാഗമാവുകയും, ഭാവിയിൽ ISROയിൽ ശാസ്ത്രജ്ഞയായി രാജ്യത്തെ സേവിക്കുകയുമാണ് ജെസ്സിയുടെ അടുത്ത ലക്ഷ്യം.
സ്വപ്നങ്ങൾ നെയ്തെടുക്കുന്ന ഏതൊരു സാധാരണക്കാരനും വലിയൊരു പ്രചോദനമാണ് കണ്ടുല ജെസ്സിയുടെ ഈ വിജയഗാഥ! 🇮🇳

malayalampulse

malayalampulse