പിണറായി 3.0 ലക്ഷ്യം; സർക്കാർ നേട്ടങ്ങൾ ഉൾപ്പെടുത്തി പ്രചാരണ വീഡിയോയും പുറത്തിറക്കി
തിരുവനന്തപുരം: Left Democratic Front 2026 നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള പ്രചാരണത്തിന് തുടക്കം കുറിച്ച് പുതിയ പരസ്യവാക്യം പുറത്തിറക്കി. ‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’ എന്നതാണ് തിരഞ്ഞെടുപ്പിൽ വോട്ടുചോദിക്കാൻ മുന്നണി അവതരിപ്പിച്ച മുദ്രാവാക്യം. തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തുകയെന്ന ലക്ഷ്യത്തോടെ പ്രചാരണ തന്ത്രങ്ങൾ ശക്തമാക്കുകയാണ് മുന്നണി.
മുന്നണിയിലെ പ്രധാനകക്ഷിയായ Communist Party of India (Marxist) സമൂഹമാധ്യമ ഹാൻഡിലുകളിലൂടെയാണ് പുതിയ പ്രചാരണവാക്യം പുറത്തുവിട്ടത്. പിണറായി 3.0 യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ കഴിഞ്ഞ പത്ത് വർഷം നടത്തിയ വികസന പ്രവർത്തനങ്ങളെ മുന്നോട്ടുവെച്ചാണ് പ്രചാരണം.
മുമ്പത്തെ തിരഞ്ഞെടുപ്പുകളിലും ശ്രദ്ധേയമായ മുദ്രാവാക്യങ്ങളായിരുന്നു ഇടതുമുന്നണി ഉപയോഗിച്ചത്. 2016-ൽ “എൽഡിഎഫ് വരും എല്ലാം ശരിയാകും” എന്നും 2021-ൽ “ഉറപ്പാണ് എൽഡിഎഫ്” എന്നതുമായിരുന്നു പ്രചാരണ വാക്യങ്ങൾ.
സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ അവതരിപ്പിക്കുന്ന പ്രചാരണ വീഡിയോയും ഇതിനൊപ്പം പുറത്തിറക്കിയിട്ടുണ്ട്. വീഡിയോയിൽ നടി Bhavana പ്രധാന വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. നടി Manju Warrier ഉൾപ്പെടെയുള്ള പ്രമുഖർ ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. “സെറ്റല്ലേ… നമ്മളീ യാത്ര തുടരും” എന്ന വാക്കുകളോടെയാണ് വീഡിയോ അവസാനിക്കുന്നത്.
ഇതിനിടെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടി താത്കാലികമാണെന്നാണ് മുന്നണിയുടെ വിലയിരുത്തൽ. വികസന പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി ജനങ്ങളിലേക്ക് എത്തിക്കുകയും എംഎൽഎമാരുടെ നേതൃത്വത്തിൽ പ്രചാരണം ശക്തിപ്പെടുത്തുകയും ചെയ്താൽ മൂന്നാം തവണയും ഭരണത്തിലെത്താനാകുമെന്നാണ് സിപിഎമ്മിന്റെയും ഇടത് മുന്നണിയുടെയും കണക്കുകൂട്ടൽ.
