പാലക്കാട് സ്മാര്‍ട് സിറ്റി യാഥാര്‍ഥ്യത്തിലേക്ക്; ഡിസംബറില്‍ നിക്ഷേപ പ്രചാരണം, അടുത്ത വര്‍ഷം മുതല്‍ ഭൂമി അനുവദിക്കും

തിരുവനന്തപുരം: കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ പാലക്കാട് സ്മാര്‍ട് സിറ്റിയുടെ വികസന പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. പദ്ധതിയുടെ നിക്ഷേപ പ്രചാരണ പരിപാടികള്‍ ഈ വർഷം ഡിസംബറോടെ ആരംഭിക്കാനും അടുത്ത വര്‍ഷം ആദ്യംതന്നെ വന്‍കിട വ്യവസായങ്ങള്‍ക്ക് ഭൂമി അനുവദിച്ചുതുടങ്ങാനും കേരള ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (കെഐസിഡിസി) തയ്യാറെടുപ്പുകൾ തുടങ്ങി. ആദ്യഘട്ടത്തിൽ 50 ഏക്കറിനു മുകളില്‍ ഭൂമി ആവശ്യമുള്ള വൻകിട വ്യവസായങ്ങളെയായിരിക്കും അലോട്‌മെന്റിലേക്ക് പരിഗണിക്കുക.

കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ആരംഭിച്ച അടിസ്ഥാന സൗകര്യവികസനപ്രവര്‍ത്തനങ്ങള്‍ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ, അതായത് 2029 ഏപ്രിലില്‍തന്നെ പൂര്‍ത്തിയാക്കാനാകുമെന്നാണ് വിലയിരുത്തൽ. അതോടൊപ്പം ഭൂമിയുടെ അലോട്‌മെന്റും പൂര്‍ത്തിയാക്കി സ്മാര്‍ട് സിറ്റി പൂര്‍ണതോതില്‍ സജ്ജമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷും ജില്ലാ കളക്ടറും എന്‍ഐസിഡിസി ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള സംഘം എല്ലാമാസവും നേരിട്ടെത്തി നിര്‍മാണപുരോഗതി വിലയിരുത്തുന്നുണ്ട്. പാലക്കാട് ഐഐടി, തിരുച്ചിറപ്പള്ളി എന്‍ഐടി എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്ദ്ധരുടെ സാങ്കേതികനിര്‍ദ്ദേശങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഡിസൈനുകൾ തയ്യാറാക്കിയിട്ടുള്ളത്.

പദ്ധതിക്കായി കേരള സര്‍ക്കാര്‍ 1,489 കോടി രൂപ ചെലവിട്ട് ഏറ്റെടുത്ത 1,450 ഏക്കര്‍ ഭൂമിയില്‍നിന്ന് 889 ഏക്കര്‍ ഭൂമി ഇതിനോടകം കെഐസിഡിസിക്ക് കൈമാറിയിട്ടുണ്ട്. ഇതിന് ആനുപാതികമായി അടിസ്ഥാനസൗകര്യവികസനത്തിന് കേന്ദ്രസര്‍ക്കാരില്‍നിന്ന് 934.46 കോടി രൂപ കോര്‍പ്പറേഷന് ലഭിച്ചുകഴിഞ്ഞു. കേരള സര്‍ക്കാരിനു കീഴിലുള്ള കിന്‍ഫ്രയും കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്മെന്റ് ആന്‍ഡ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റും (എന്‍ഐസിഡിഐടി) ചേര്‍ന്ന് തുല്യ ഓഹരി പങ്കാളിത്തത്തോടെ രൂപംകൊടുത്ത പ്രത്യേകോദ്ദേശ്യ സ്ഥാപനമാണ് കെഐസിഡിസി.

രാജ്യത്ത് പ്രഖ്യാപിച്ച 12 വ്യവസായ സ്മാര്‍ട് സിറ്റികളില്‍ അടിസ്ഥാന സൗകര്യവികസനത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ ആദ്യം പൂര്‍ത്തീകരിച്ച് പ്രവൃത്തി ആരംഭിച്ചത് കേരളമാണ്. നിർമ്മാണ ചുമതലയുള്ള കരാർ കമ്പനി സമര്‍പ്പിക്കുന്ന ഡിസൈനുകൾക്ക് അതിവേഗം അനുമതി ലഭ്യമാക്കി ദ്രുതഗതിയിലാണ് പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. നിലവിൽ പദ്ധതിപ്രദേശത്ത് 20 കിലോമീറ്ററോളം റോഡിന്റെ സബ്‌ഗ്രേഡ് ജോലികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

malayalampulse

malayalampulse