നെന്മാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമരയ്ക്ക് തൂക്കുകയറും 20 ലക്ഷം രൂപ പിഴയും

പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതകം നടന്ന് ഒന്നര വർഷത്തിനുശേഷം പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി കേസിൽ വിധി പ്രസ്താവിച്ചു. പ്രതി ചെന്താമരയ്ക്ക് കോടതി വധശിക്ഷയും 20 ലക്ഷം രൂപ പിഴയും വിധിച്ചു. കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് നിരീക്ഷിച്ചാണ് കോടതി പരമാവധി ശിക്ഷ നടപ്പാക്കിയത്.

പിഴത്തുക കൊല്ലപ്പെട്ട സുധാകരന്റെ മക്കളായ അതുല്യയ്ക്കും അഖിലയ്ക്കുമാണ് നൽകേണ്ടത്. പ്രതി തുക നൽകിയില്ലെങ്കിൽ സർക്കാർ ഇത് നൽകണമെന്നും അതിനുപുറമെ ചെന്താമര മൂന്ന് വർഷം അധിക തടവ് അനുഭവിക്കണമെന്നും വിധിയിൽ വ്യക്തമാക്കുന്നു.

2025 ജനുവരി 27-നാണ് പോത്തുണ്ടി ബോയൻ നഗർ സ്വദേശിയായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര കൊലപ്പെടുത്തിയത്. ഭാരതീയ ന്യായ സംഹിതയിലെ (BNS) 103(1), 126(2) എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

കോടതിയിലും ഭീഷണിയും വെല്ലുവിളികളും തുടർന്ന പ്രതിക്ക് യാതൊരുവിധ മാനസിക പ്രശ്നങ്ങളുമില്ലെന്നും മാനസാന്തരത്തിന് സാധ്യതയില്ലെന്നും കോടതി നിരീക്ഷിച്ചു. അതിവേഗം കുറ്റപത്രം സമർപ്പിച്ച ഡിവൈഎസ്പി എൻ. മുരളിധരനെയും അന്വേഷണ സംഘത്തെയും കോടതി അഭിനന്ദിച്ചു. വധശിക്ഷ ഇനി ഹൈക്കോടതി ശരിവെക്കേണ്ടതുണ്ട്.

malayalampulse

malayalampulse