ദേശാഭിമാനി വാരാന്തപ്പതിപ്പ് മുടങ്ങിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇടപെട്ട് സി.പി.ഐ.എം പാർട്ടി നേതൃത്വം. വാരാന്തപ്പതിപ്പിന്റെ ചുമതലയുണ്ടായിരുന്ന ന്യൂസ് എഡിറ്റർ കെ.ആർ. അജയന് പാർട്ടി നേതൃത്വം നോട്ടീസ് നൽകി. സംഭവത്തിൽ വൈകുന്നേരം നാല് മണിക്ക് മുൻപായി വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ഞായറാഴ്ച ദേശാഭിമാനി പത്രത്തോടൊപ്പം പുറത്തിറങ്ങേണ്ടിയിരുന്ന വാരാന്തപ്പതിപ്പ് അച്ചടിച്ച ശേഷം വിതരണം ചെയ്യാതിരുന്നതാണ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്. സാങ്കേതിക കാരണങ്ങളാലാണ് വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാൻ കഴിയാതിരുന്നതെന്നാണ് പത്രത്തിന്റെ ഔദ്യോഗിക വിശദീകരണം.
എന്നാൽ വി.എസ്. അച്യുതാനന്ദന്റെ ചരമവാർഷിക ലേഖനവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഇതിന് പിന്നിലെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടിൽ അച്ചടിച്ച ലേഖനമാണ് വാരാന്തപ്പതിപ്പ് തടയാൻ കാരണമെന്ന് അന ഔദ്യോഗിക വിശദീകരണവും പുറത്തുവന്നു.
അതേസമയം വിവാദങ്ങൾ തള്ളി ദേശാഭിമാനി റസിഡന്റ് എഡിറ്ററും സി.പി.ഐ.എം നേതാവുമായ എം. സ്വരാജ് രംഗത്തെത്തി. വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും യന്ത്രത്തകരാർ മൂലമാണ് അച്ചടി മുടങ്ങിയതെന്നും സ്വരാജ് വ്യക്തമാക്കി. ‘കള്ളൻ വിജയൻ’ എന്ന പേരിൽ ഒരു ലേഖനം ദേശാഭിമാനിയിൽ ഇല്ലെന്നും വി.എസിനെ ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
