കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്‍റൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജിന്‍റെ മരണത്തിൽ മുഖ്യപ്രതിയായ അധ്യാപകൻ ഡോ. എം.കെ. റാമിനെ തലശ്ശേരി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിട്ടയച്ചു. സുപ്രിംകോടതിയുടെ അറസ്റ്റ് മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
എന്നാൽ വിധിക്ക് പിന്നാലെ കോടതി വളപ്പിൽ വെച്ച് തന്നെ റാമിനെ ക്രൈംബ്രാഞ്ച് സംഘം വീണ്ടും കസ്റ്റഡിയിലെടുത്തു. പോലീസ് നടപടി നിയമവിരുദ്ധമാണെന്നും നിലത്തു തള്ളിമാറ്റിയാണ് റാമിനെ ജീപ്പിലേക്ക് കയറ്റിയതെന്നും ഭാര്യയും അഭിഭാഷകനും ആരോപിച്ചു.
സുപ്രിംകോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് കർണാടകയിലെ കുടകിൽ വെച്ചാണ് ഇന്ന് രാവിലെ കണ്ണൂർ ക്രൈംബ്രാഞ്ച് റാമിനെ പിടികൂടിയത്. പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകിയതിന് മുൻപ് ഹൈക്കോടതി വിമർശനം ഉന്നയിച്ചിരുന്നു. ഏപ്രിൽ 10നാണ് തിരുവനന്തപുരം സ്വദേശിയായ വിദ്യാർഥി നിതിൻ രാജ് അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചത്.
