തിരുവനന്തപുരം: പി ടി കുഞ്ഞുമുഹമ്മദ്ക്കെതിരായ ലൈംഗികാതിക്രമ ആരോപണവുമായി ബന്ധപ്പെട്ട് പരാതിക്കാരി ഡോ. ആശ ആച്ചി ജോസഫ് ശക്തമായി പ്രതികരിച്ചു. സംഭവത്തിൽ ബോധപൂർവമായ അതിക്രമം ഉണ്ടായതാണെന്നും, മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും വാർത്ത പുറത്ത് വരുന്നതുവരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തില്ലെന്നും ആശ ആരോപിച്ചു. മിണ്ടാതിരിക്കണമെന്ന് പലരും ഉപദേശിച്ചുവെന്നും സഹതാപമല്ല, സമൂഹത്തിന്റെ ഐക്യദാർഢ്യമാണ് വേണ്ടതെന്നും അവർ മലയാള മനോരമയിൽ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കി.
കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്കായുള്ള സിനിമകളുടെ തെരഞ്ഞടുപ്പിനുള്ള ജൂറിയിൽ അംഗമായിരുന്ന സമയത്താണ് സംഭവം ഉണ്ടായതെന്ന് ആശ പറയുന്നു. തലസ്ഥാനത്തെ ഒരു ഹോട്ടലിൽ ജൂറി അംഗങ്ങൾ താമസിച്ചിരുന്നപ്പോൾ സ്ക്രീനിംഗിന് ശേഷം മുറിയിലെത്തി കുഞ്ഞുമുഹമ്മദ് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ച് മുഖ്യമന്ത്രിക്കാണ് ആദ്യം പരാതി നൽകിയതെന്നും തുടർന്ന് പരാതി കന്റോൺമെന്റ് പൊലീസ് സ്റ്റേഷൻക്ക് കൈമാറിയതായും അറിയുന്നു.
പരാതിയെ തുടർന്നു ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് പൊലീസ് കേസെടുത്തത്. അതേസമയം, ആരോപണങ്ങൾ പി ടി കുഞ്ഞുമുഹമ്മദ് നിഷേധിച്ചു. അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്നും അദ്ദേഹം പ്രതികരിച്ചു. പൊലീസിനോടും ഇതേ വിശദീകരണമാണ് നൽകിയതെന്നും വ്യക്തമാക്കി.
