തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ വരും വർഷത്തെ ബജറ്റിൽ കർശനമായ ചെലവു ചുരുക്കലും സാമ്പത്തിക അച്ചടക്കവും പാലിക്കാൻ വകുപ്പുകൾക്ക് നിർദ്ദേശം നൽകി ധനവകുപ്പ്. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് തയ്യാറാക്കുന്നതിന് മുന്നോടിയായി അയച്ച പ്രത്യേക സർക്കുലറിലാണ് ധനവകുപ്പ് നിലപാട് വ്യക്തമാക്കിയത്.
പ്രധാന നിർദ്ദേശങ്ങൾ:
- ചെലവുകളിൽ നിയന്ത്രണം: ശമ്പളം ഒഴികെയുള്ള പദ്ധതിയിതര ചെലവുകൾക്ക് ഈ വർഷത്തെ അതേ നിരക്കുകൾ തന്നെയാകണം അടുത്ത വർഷവും നിശ്ചയിക്കേണ്ടത്.
- അനാവശ്യ പദ്ധതികൾ ഒഴിവാക്കും: ലാഭകരമല്ലാത്ത പദ്ധതികളും അടിയന്തര പ്രാധാന്യമില്ലാത്ത അറ്റകുറ്റപ്പണികളും തൽക്കാലം ഒഴിവാക്കണം. ഇവ പിന്നീട് സാഹചര്യങ്ങൾക്കനുസരിച്ച് പരിഗണിക്കും.
- ജീവനക്കാരുടെ പുനർവിന്യാസം: പദ്ധതികൾ നിർത്തുമ്പോൾ അധികം വരുന്ന ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടില്ല. പകരം, ഭാവിയിൽ ഉണ്ടാകുന്ന ഒഴിവുകളിലേക്ക് ഇവരെ പുനർവിന്യസിക്കാൻ വകുപ്പുകൾ പ്രത്യേക പട്ടിക തയ്യാറാക്കണം.
- എസ്റ്റിമേറ്റ് പരിധി: ഈ വർഷത്തെ പുതുക്കിയ എസ്റ്റിമേറ്റ് തുക യഥാർത്ഥ ബജറ്റ് തുകയേക്കാൾ ഒരു കാരണവശാലും കൂടാൻ പാടില്ല.
- വരുമാന സമാഹരണം: റവന്യൂ വരുമാനം വേഗത്തിൽ സമാഹരിക്കാനുള്ള കർശന നിർദ്ദേശങ്ങൾ സമർപ്പിക്കാനും, നികുതി-നികുതിയിതര കുടിശികകൾ ഈടാക്കാൻ സ്വീകരിച്ച നടപടികളുടെ വിവരങ്ങൾ കൈമാറാനും വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
