മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ ദാരുണാന്ത്യം. സുഹൃത്തുക്കളായ ഏഴ് വിദ്യാർത്ഥികൾ വ്യൂപോയിന്റ് സന്ദർശനത്തിനിടെ ഇടിമിന്നലേറ്റ് അപകടത്തിൽപ്പെടുകയായിരുന്നു. മൂന്ന് പേർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
മങ്കട പന്തല്ലൂർ മല വ്യൂപോയിന്റിലാണ് അപകടമുണ്ടായത്. വൈകിട്ട് അഞ്ചുമണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്.
മഴയും ഇടിമിന്നലും ശക്തമായ സാഹചര്യത്തിൽ വ്യൂപോയിന്റിന് സമീപം നിന്നിരുന്ന ഏഴ് വിദ്യാർത്ഥികൾക്ക് ഇടിമിന്നലേൽക്കുകയായിരുന്നു. റഹീസ് ഇരുപത്, ഫഹദ് പത്തൊമ്പത്, ബഹാസ് പതിനെട്ട്, സിയാദ് പതിനെട്ട് എന്നിവരാണ് മരിച്ചത്. എല്ലാവരും മങ്കട സ്വദേശികളും സുഹൃത്തുക്കളുമാണ്. ഇടിമിന്നലേറ്റ് വിദ്യാർത്ഥികൾ കുഴഞ്ഞുവീണതിനെ തുടർന്ന് പ്രദേശവാസികൾ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു.
ഗുരുതരാവസ്ഥയിലായ വിദ്യാർത്ഥികളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും നാല് പേരുടെ ജീവൻ രക്ഷിക്കാനായില്ല. ഇതിൽ രണ്ട് പേർ ആശുപത്രിയിലെത്തുംമുമ്പേ മരിച്ചിരുന്നു. പരിക്കേറ്റ റോഷൻ, ഇഷ്ഹാത്ത്, സൽമാനുൽ ഫാരിസ് എന്നിവരെ മഞ്ചേരി മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും തുടർന്ന് വിദഗദചികിത്സക്കായി പെരിന്തൽമണ്ണ സ്വകാര്യആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇവരിൽ 2പേരുടെ നില ഗുരുതരമാണ്.
മങ്കട വെള്ളില ഭാഗത്തെ പന്തല്ലൂർ മല വ്യൂപോയിന്റ് ആളുകൾ സ്ഥിരമായി സന്ദർശിക്കുന്ന സ്ഥലമാണ്.
ഉച്ചമുതൽ ജില്ലയിൽ വ്യാപകമായി മഴയും ഇടിമിന്നലും അനുഭവപ്പെട്ടിരുന്നു. അപകടസമയത്തും പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. മരണപ്പെട്ട വിദ്യാർത്ഥികളുടെ പോസ്റ്റുമോർട്ടം നാളെ നടക്കും.
