സനയിൽ ഇസ്രയേൽ സൈന്യത്തിന്റെ വ്യോമാക്രമണം; പ്രസിഡന്റിന്റെ കൊട്ടാരവും പവർ സ്റ്റേഷനുകളും തകർന്നു

സന: യമൻ തലസ്ഥാനമായ സനയിൽ ഇസ്രയേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ പ്രസിഡന്റിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്ന സൈനിക താവളം, രണ്ട് പവർ സ്റ്റേഷനുകൾ, ഒരു ഇന്ധന ഡിപ്പോ എന്നിവ തകർന്നു. ഹൂതികളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ സൈന്യം (IDF) വ്യക്തമാക്കി.

ഹൂതി ശക്തികൾ ഇസ്രയേലിനെതിരെ തുടർച്ചയായി നടത്തുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് മറുപടിയായാണ് വ്യോമാക്രമണമെന്ന് ഐഡിഎഫ് വൃത്തങ്ങൾ അറിയിച്ചു. “പ്രസിഡന്റിന്റെ കൊട്ടാരം ഹൂതി സൈനിക നീക്കങ്ങളുടെ ഭാഗമായ കേന്ദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്,” — ഐഡിഎഫ് പ്രസ്താവനയിൽ പറയുന്നു.

ഒരു ഡസനോളം വിമാനങ്ങൾ ആക്രമണത്തിൽ പങ്കെടുത്തു. നാല് ലക്ഷ്യസ്ഥാനങ്ങളിൽ 30-ൽ അധികം ആയുധങ്ങൾ ഉപയോഗിച്ചെന്നും റിപ്പോർട്ടുണ്ട്.

അതേസമയം, ആക്രമണം ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടതാണെന്ന് ഹൂതികൾ ആരോപിച്ചു. പ്രസിഡൻഷ്യൽ ആസ്ഥാനത്ത് നിലവിൽ ജീവനക്കാരില്ല. ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ചിലത് അവരുടെ വ്യോമ പ്രതിരോധ സേന നിർവീര്യമാക്കിയതായും ഹൂതി വൃത്തങ്ങൾ പ്രതികരിച്ചു.

malayalampulse

malayalampulse