തിരുവനന്തപുരം ∙ ഗുരുതര ആരോപണങ്ങളും വെളിപ്പെടുത്തലുകളും ഉണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവെക്കാതെ രാഹുല്‍ മാങ്കൂട്ടത്തെ സംരക്ഷിച്ച് നിര്‍ത്തുന്നത് കോണ്‍ഗ്രസിന്റെ ചീഞ്ഞളിഞ്ഞ രാഷ്ട്രീയ സംസ്കാരമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.
“കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തിന് പോലും യോഗ്യതയില്ലാത്തയാളെ പാലക്കാട് ജനത എംഎല്‍എയായി സഹിക്കണമെന്നാണോ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടുന്നത്?” – രാജീവ് ചോദിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നും കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാഹുലിനെ പുറത്താക്കിയതിലൂടെ ആരോപണങ്ങള്‍ ശരിയാണെന്ന് കോണ്‍ഗ്രസ് തന്നെ സമ്മതിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എ സ്ഥാനം രാജിവെക്കുന്നതുവരെ ബിജെപി ശക്തമായ പ്രതിഷേധ പരിപാടികളുമായി തെരുവില്‍ തുടരുമെന്നും രാജീവ് വ്യക്തമാക്കി.
വി.ഡി. സതീശനെയും കോണ്‍ഗ്രസ് നേതൃത്വത്തെയും രാജീവ് വിമര്‍ശിച്ചു:
“ഒന്നര വര്‍ഷം മുമ്പ് തന്നെ രാഹുലിന്റെ പെരുമാറ്റത്തെക്കുറിച്ച് വി.ഡി. സതീശനോട് പെണ്‍കുട്ടികള്‍ പരാതി പറഞ്ഞിരുന്നു. അത് മറച്ചു വച്ച് അയാളെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കി, പാലക്കാട് എംഎല്‍എ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിച്ചതും കോണ്‍ഗ്രസ് നേതൃത്വമാണ്.”
കോണ്‍ഗ്രസിന്റെ ജനിതക സ്വഭാവമാണ് അഴിമതിക്കാരെയും സ്ത്രീപീഡകരെയും സംരക്ഷിക്കുന്നതെന്ന് രാജീവ് ആരോപിച്ചു. “രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത് പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണെങ്കിലും എംഎല്‍എയായി തുടരുന്നത് പൊതുജനത്തിന് അംഗീകരിക്കാന്‍ കഴിയില്ല” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരിട്ട് വിമര്‍ശനം:
“കോണ്‍ഗ്രസ് നേതാക്കളുടെ ഭാര്യമാരും വനിത നേതാക്കളും രാഹുലിനെതിരെ രംഗത്തുവന്നിട്ടും എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ അനുവദിക്കാത്തത്, ചില നേതാക്കളുടെ സംരക്ഷണമാണ്. രാഹുലിനെ വളര്‍ത്തി എംഎല്‍എ ആക്കിയ നേതാക്കള്‍ പൊതുജനങ്ങളോട് മാപ്പ് പറയണം.”
കോണ്‍ഗ്രസ് പാര്‍ട്ടി പൂര്‍ണമായും അധഃപതിച്ചതായി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
“അഴിമതിക്കാര്‍ക്കും സ്ത്രീചൂഷകര്ക്കും മാത്രം സ്ഥാനമുള്ള കോണ്‍ഗ്രസില്‍ തുടരാതെ ബിജെപിയുടെ വികസന രാഷ്ട്രീയത്തിലേക്ക് പ്രവര്‍ത്തകര്‍ വരണം” – എന്നാണ് അദ്ദേഹത്തിന്റെ ആഹ്വാനം.
