തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെയും ശമ്പള-പെന്‍ഷന്‍ വിതരണത്തിനായി സര്‍ക്കാര്‍ വന്‍കടം എടുക്കുന്ന ഘട്ടത്തിനിടെയാണ് ടൂറിസം വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് വിദേശയാത്രാനുമതി നല്‍കിയ സര്‍ക്കാര്‍ നടപടി വിവാദമാകുന്നത്.
ഓഗസ്റ്റ് 25-ന് പുറപ്പെടുവിച്ച ഉത്തരവുപ്രകാരം, 2025-26 സാമ്പത്തിക വര്‍ഷം വിവിധ രാജ്യാന്തര ട്രേഡ് ഫെയറുകളിലും B2B മീറ്റുകളിലും ടൂറിസം സെക്രട്ടറി, ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍ എന്നിവര്‍ പങ്കെടുക്കും. തായ്‌ലന്‍ഡ്, ജപ്പാന്‍, മലേഷ്യ, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലാന്‍ഡ്, സ്വീഡന്‍, അമേരിക്ക, ബ്രിട്ടന്‍, ജര്‍മനി, സ്‌പെയിന്‍, ഇറ്റലി, റഷ്യ തുടങ്ങി നിരവധി രാജ്യങ്ങളിലായി പരിപാടികള്‍ നടക്കും. രാജ്യാന്തര ടൂര്‍ ഓപ്പറേറ്റര്‍മാരും ട്രാവല്‍ ഏജന്റുമാരുമായി നേരിട്ടുള്ള ബന്ധം സ്ഥാപിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
അതേസമയം, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് കുടുംബസമേതം ബാങ്കോക്കിലാണ്. പസിഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍ (PATA) നല്‍കുന്ന ‘ഗോള്‍ഡ് അവാര്‍ഡ്’ സ്വീകരിക്കാനാണ് അദ്ദേഹത്തിന്റെ വിദേശയാത്ര. യാത്രാവിശേഷങ്ങള്‍ മന്ത്രി തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.
കടുത്ത കടമെടുപ്പുകള്‍
ഓണത്തോടനുബന്ധിച്ച് ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാന്‍ മാത്രം ഈ മാസം മൂന്നാമത്തെ വന്‍കടമെടുപ്പും സര്‍ക്കാര്‍ നടത്തി.
ആഗസ്റ്റ് 1: 1000 കോടി രൂപ ആഗസ്റ്റ് 19: 2000 കോടി രൂപ ആഗസ്റ്റ് 26: 3000 കോടി രൂപ
ഇതോടെ ആഗസ്റ്റില്‍ മാത്രം 6000 കോടി രൂപയും, 2025-26 സാമ്പത്തിക വര്‍ഷം ഇതുവരെ 23,000 കോടി രൂപയും കടമെടുത്തു. ഡിസംബര്‍ വരെ കടമെടുക്കാന്‍ അനുവദിച്ചിട്ടുള്ള 29,529 കോടി രൂപയില്‍ 6529 കോടി രൂപ മാത്രമാണ് ഇനി ശേഷിക്കുന്നത്.
ചെലവു നിയന്ത്രണം കർശനം
ഖജനാവ് കാലിയായതോടെ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ദൈനംദിന ചെലവുകളുടെ പരിധി 25 ലക്ഷത്തില്‍ നിന്ന് 10 ലക്ഷം രൂപയായി ചുരുക്കി. 10 ലക്ഷത്തിന് മുകളിലുള്ള ചെലവുകള്‍ക്ക് ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണം.
ഓണപ്പരിഹാരങ്ങള്‍
സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ബോണസ് 4500 രൂപ (500 രൂപ വര്‍ദ്ധിപ്പിച്ചു). ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് ഉത്സവബത്ത 3000 രൂപ. സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് 1250 രൂപ. എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സ് 20,000 രൂപ, പാര്‍ട്ട്-ടൈം, കണ്ടിന്‍ജന്റ് ജീവനക്കാര്‍ക്ക് 6000 രൂപ.
എല്ലാം കടം വാങ്ങി നടത്തുന്നതാണ് സര്‍ക്കാര്‍ പദ്ധതികള്‍ എന്നു പ്രതിപക്ഷം ആരോപിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയിലും ഉദ്യോഗസ്ഥരുടെ വിദേശ പര്യടനങ്ങള്‍ക്ക് അനുമതി നല്‍കിയത് ‘ധൂര്‍ത്തു’ മാത്രമാണെന്നും വിമര്‍ശനം ശക്തമാണ്.
#KeralaPolitics #TourismMinister #GoldAward #BankokTrip #KeralaFinanceCrisis #ഓണശമ്പളം #TourismNews
