ദേശീയപാതയിലെ തിരക്ക് പരിശോധിക്കാന്‍ കളക്ടര്‍; ഒടുവില്‍ ബ്ലോക്കില്‍ കുടുങ്ങി

ചാലക്കുടി/കൊരട്ടി: ദേശീയപാതയിലെ അടിപ്പാത നിര്‍മാണപ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് ചിറങ്ങരയും മുരിങ്ങൂരും ഭാഗങ്ങളില്‍ ബുധനാഴ്ച വൈകിട്ട് മുതല്‍ ഗതാഗതക്കുരുക്ക്. മേല്‍പ്പാലം കടന്നുവരുന്ന ഭാഗത്ത് നിന്ന് എല്ലാ വാഹനങ്ങളും സര്‍വീസ് റോഡിലൂടെ കടത്തിവിട്ടതോടെയാണ് തടസ്സമുണ്ടായത്.

നേരത്തേ, ഈ ഭാഗം ടാറിട്ടിരുന്നില്ല. ഏതാനും ദിവസം മുന്‍പ് ഗതാഗതം സുഗമമാക്കുന്നതിന് സര്‍വീസ്റോഡുകള്‍ ടാറിട്ടിരുന്നു. ഇതിനിടയിലാണ് ജില്ലാ കളക്ടര്‍ പരിശോധനക്കായി മുന്നറിയിപ്പില്ലാതെ എത്തിയത്.

പരിശോധനയ്ക്കെത്തിയ തൃശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പണ്ഡ്യനും സംഘവും ബ്ലോക്കില്‍ കുടുങ്ങി. പോലീസ് കമ്മിഷണര്‍, ജില്ലാ പോലിസ് മേധാവി, മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍, ദേശീയപാത അതോറിറ്റി, കരാര്‍ കമ്പനി പ്രതിനിധികള്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

ആദ്യം മുരിങ്ങൂരിലെത്തിയ സംഘം പിന്നീടാണ് ചിറങ്ങരയിലേക്ക് പോയത്. അവിടെ അര മണിക്കൂറാണ് പരിശോധന നടത്തിയത്. ജനപ്രതിനിധികളെ അറിയിക്കാതെയായിരുന്നു കളക്ടറുടെ സന്ദര്‍ശനം. ഇതിനിടിയില്‍ കളക്ടറുടെ വാഹനവും തിരക്കില്‍പ്പെട്ടു.

ഉടന്‍ നടപടിയെടുത്ത് പ്രധാന റോഡിലൂടെയും സര്‍വീസ് റോഡിലൂടെയും വാഹനങ്ങള്‍ കടത്തിവിടുകയും തിരക്ക് കുറയ്ക്കുകയും ചെയ്തു. എറണാകുളം-തൃശൂര്‍ ദേശീയപാതയിലുടനീളം കോട്ടമുറിവരെ രാത്രിയും ഗതാഗത തടസ്സം തുടരുകയുണ്ടായി.

malayalampulse

malayalampulse