‘മറ്റൊരിടത്തും കാണാനാകില്ല’: ഹൈക്കോടതിക്കെതിരെ സുപ്രീംകോടതി

ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ സെഷൻസ് കോടതിയെ സമീപിക്കാതെ നേരിട്ട് ഹൈക്കോടതിയിൽ ഫയൽ ചെയ്യുന്ന മുൻകൂർ ജാമ്യാപേക്ഷകൾ പരിഗണിക്കുന്ന കേരള ഹൈക്കോടതി നടപടിയെ സുപ്രീം കോടതി വിമർശിച്ചു. രാജ്യത്തെ മറ്റൊരു ഹൈക്കോടതിയിലും ഇത്തരത്തിലുള്ള നടപടി നിലനിൽക്കുന്നില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

കേരള ഹൈക്കോടതി രജിസ്ട്രാർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. കൂടാതെ, സീനിയർ അഭിഭാഷകൻ സിദ്ധാർഥ് ലൂതറയെ അമികസ് ക്യൂറിയായി നിയമിച്ചു.

കേരളത്തിലെ ഒരു കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവർ അടങ്ങിയ ബെഞ്ച് ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്തത്. ബി.എൻ.എസ്.എസ്.യുടെ 482-ാം വകുപ്പ് പ്രകാരമുള്ള മുൻകൂർ ജാമ്യാപേക്ഷ നേരിട്ട് ഹൈക്കോടതി പരിഗണിക്കുന്നത് കേരളത്തോട് മാത്രം ബന്ധപ്പെട്ട പ്രത്യേക രീതിയാണെന്ന് ജസ്റ്റിസ് സന്ദീപ് മേത്ത വ്യക്തമാക്കി.

ക്രിമിനൽ കേസുകളിലെ വസ്തുതകൾ അറിയാൻ വിചാരണ കോടതിയായ സെഷൻസ് കോടതിയാണ് യോജിച്ചതെന്നും, ഹൈക്കോടതികൾക്ക് പലപ്പോഴും കേസുകളുടെ സമ്പൂർണ്ണ വിവരങ്ങൾ ലഭ്യമാകാറില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. എന്നാൽ വിചാരണ കോടതിയെ സമീപിക്കാതെ നേരിട്ട് ഫയൽ ചെയ്യുന്ന ഹർജികൾ ഹൈക്കോടതി പരിഗണിക്കുന്നത് നിയമപരമായി തെറ്റല്ല എന്നും സുപ്രീം കോടതി കൂട്ടിച്ചേർത്തു.

ഒക്ടോബർ 14-ന് കേസിൽ വിശദമായ വാദം കേൾക്കാൻ കോടതി തീരുമാനിച്ചു.

ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് മുഹമ്മദ് റസൽ സുപ്രീം കോടതിയെ സമീപിച്ച ഹർജിയാണ് ഇപ്പോൾ പരിഗണനയിലുള്ളത്. മുഹമ്മദ് റസലിന് വേണ്ടി അഭിഭാഷകൻ ഷിനോജ് കെ. നാരായണൻ, സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാൻഡിംഗ് കൗൺസൽ ഹർഷദ് വി. ഹമീദ് എന്നിവരാണ് ഹാജരായത്.

malayalampulse

malayalampulse