കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപാളി മുൻകൂർ അനുമതിയില്ലാതെ ഇളക്കി മാറ്റിയത് ഹൈക്കോടതി കടുത്ത വിമർശനത്തിന് വിധേയമാക്കി. കോടതിയുടെ അനുമതിയില്ലാതെ നടപടിയെടുത്തത് അനുചിതമാണെന്നും, സ്പെഷ്യൽ കമ്മീഷണറുടെ അനുമതി നിർബന്ധമായിരുന്നു എന്നും ഹൈക്കോടതി വ്യക്തമാക്കി. വിഷയത്തിൽ വെള്ളിയാഴ്ചയ്ക്കകം ദേവസ്വം ബോർഡ് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു.
ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപ്പാളി അറ്റകുറ്റപ്പണിക്കായി മാറ്റിയതിനെച്ചൊല്ലിയുള്ള ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. അനുമതിയില്ലാതെ പാളി മാറ്റിയതായാണ് സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. “കോടതിയുടെ അനുമതിയോടെ മാത്രമേ സന്നിധാനത്ത് സ്വർണ്ണപ്പണികൾ നടത്താവൂ” എന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ചതും ഗുരുതര വീഴ്ചയാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ പ്രതികരണം
ശബരിമല ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപ്പാളി അറ്റകുറ്റപ്പണിക്കായി മാറ്റിയതാണെന്നും നടപടികളിൽ പിഴവൊന്നും ഉണ്ടായിട്ടില്ല എന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് വ്യക്തമാക്കി.
സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട് “സാങ്കേതിക പരാമർശം” മാത്രമാണെന്നും, സ്വർണ്ണപ്പണികളുടെ സർവ്വാധികാരിയും തിരുവാഭരണം കമ്മീഷണറാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം അറിവോടെയും മഹസർ തയ്യാറാക്കി മാത്രമേ പാളികൾ നീക്കിയിട്ടുള്ളൂ എന്നും അദ്ദേഹം വിശദീകരിച്ചു.
“ഞങ്ങളുടെ തന്നെ കൂട്ടത്തിലെ ചിലരാണ് വാർത്തകൾക്ക് പിന്നിൽ,” എന്ന് പി. എസ്. പ്രശാന്ത് ആരോപിച്ചു.
https://chat.whatsapp.com/GbozGRg64j7KS2Gl29N9Qe?mode=ems_copy_h_c
