എറണാകുളം: ശബരിമല സ്വർണ്ണപാളി കേസിൽ നിർണായകമായ ചോദ്യങ്ങളുമായി ഹൈക്കോടതി രംഗത്തെത്തി. സ്വർണ്ണപാളികളുടെ ഭാരത്തിൽ വലിയ വ്യത്യാസമുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതി സംശയം ഉയർത്തി.
2019-ൽ 42 കിലോ ആയിരുന്ന പാളികൾ തിരിച്ചെത്തുമ്പോൾ 4 കിലോ കുറഞ്ഞതായി മഹസർ രേഖകളിൽ കണ്ടെത്തിയതായി കോടതി നിരീക്ഷിച്ചു. ഒന്നേകാൽ മാസം കാലയളവിൽ 4 കിലോ കുറവ് വന്നത് വിചിത്രമാണെന്നും, സ്വർണ്ണം പെട്രോൾ അല്ലല്ലോ കുറയാൻ – എന്ന് കോടതി കടുത്ത നിരീക്ഷണവും നടത്തി.
തിരികെ സന്നിധാനത്ത് എത്തിച്ചപ്പോൾ ഭാരം പരിശോധിക്കാതിരുന്നതും കോടതി ചോദ്യം ചെയ്തു. സ്വർണ്ണപാളി കേസിൽ വിശദമായ അന്വേഷണം ആവശ്യമാണ് എന്ന് ചൂണ്ടിക്കാട്ടി, മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ ദേവസ്വം വിജിലൻസ് വിഭാഗത്തിന് ഹൈക്കോടതി നിർദ്ദേശം നൽകി.
അന്വേഷണത്തിൽ ദേവസ്വം ബോർഡ് സഹകരിക്കണമെന്നും, ദ്വാരപാലക ശില്പങ്ങളുടെ രണ്ട് പീഠങ്ങളും സ്പെയർ സ്ട്രോങ്ങ് റൂമിൽ ഉണ്ടോ എന്ന് പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു.
