പട്ന: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അന്തരിച്ച മാതാവ് ഹീരബെൻമോദിയേയും ഉൾപ്പെടുത്തി കോൺഗ്രസ് പുറത്തിറക്കിയ എഐ വീഡിയോ നീക്കം ചെയ്യണമെന്ന് പട്ന ഹൈക്കോടതി ഉത്തരവിട്ടു. ആക്ടിങ് ചീഫ് ജസ്റ്റിസ് പി.ബി. ബജന്ത്രിയുടേതാണ് നടപടി. എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും നിന്നുമാണ് വീഡിയോ നീക്കം ചെയ്യേണ്ടത്.
36 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ സെപ്തംബർ 10-ന് ബിഹാർ കോൺഗ്രസ് പുറത്തിറക്കിയതായിരുന്നു. സ്വപ്നത്തിൽ അമ്മ വന്ന് രാഷ്ട്രീയത്തിനായി തന്നെ ഉപയോഗിക്കരുതെന്ന് പ്രധാനമന്ത്രിയോട് പറയുന്നതും, പിന്നീട് മോദി ഞെട്ടിയുണരുന്നതുമായ ദൃശ്യങ്ങളാണ് വിഡിയോയിൽ.
വീഡിയോ പ്രചരിച്ചതിനെ തുടർന്ന് വ്യാപക വിമർശനങ്ങളുയർന്നു. പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ അന്തരിച്ച മാതാവിനെയും അപമാനിക്കുകയാണെന്ന് ആരോപിച്ച് ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി. “കോൺഗ്രസ് ഇങ്ങനെ തരംതാഴ്ന്നോ?” – എന്ന് മുതിർന്ന നേതാവ് രവിശങ്കർ പ്രസാദ് ചോദിച്ചു.
രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനും എല്ലാ അമ്മമാരെയും അപമാനിക്കാനും ഡീപ്ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ചുവെന്നാണ് ബിജെപി എംപി രാധാ മോഹൻ ദാസ് അഗർവാളിന്റെ ആരോപണം. വിഷയം തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നിൽ കൊണ്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, പ്രധാനമന്ത്രിയോടോ അദ്ദേഹത്തിന്റെ അമ്മയോടോ ഒരു അനാദരവുമില്ലെന്നാണ് കോൺഗ്രസിന്റെ നിലപാട്. “ഒരു അമ്മ മകനെ ശരിയായ കാര്യങ്ങൾ ചെയ്യാൻ പഠിപ്പിക്കുന്നത് എങ്ങനെയാണ് അനാദരവാകുന്നത്?” – എന്ന് പാർട്ടിയുടെ മാധ്യമ പ്രചാരണ വിഭാഗം തലവൻ പവൻ ഖേര പ്രതികരിച്ചു.
