നാരായൺപുർ (ഛത്തീസ്ഗഢ്): ഛത്തീസ്ഗഢിലെ നാരായൺപുർ ജില്ലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഉന്നത മാവോവാദി നേതാക്കൾ കൊല്ലപ്പെട്ടു. രാജു ദാദ എന്ന കട്ട രാമചന്ദ്ര റെഡ്ഡി (63), കോസ ദാദ എന്ന കടാരി സത്യനാരായണ റെഡ്ഡി (67) എന്നിവരാണ് മരിച്ചത്.
ഇരുവരും നിരോധിത കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ്. ഓരോരുത്തർക്കും 40 ലക്ഷം രൂപ വീതം ഛത്തീസ്ഗഢ് സർക്കാർ തലയ്ക്ക് വിലയിട്ടിരുന്നു.
മഹാരാഷ്ട്ര അതിർത്തിയോട് ചേർന്ന അബുജ്മദ് വനമേഖലയിൽ തിങ്കളാഴ്ച രാവിലെയാണ് ഏറ്റുമുട്ടൽ നടന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരച്ചിലിനിറങ്ങിയ സുരക്ഷാസേനയെയാണ് മാവോവാദികൾ നേരിട്ടത്. മണിക്കൂറുകളോളം നീണ്ട വെടിവയ്പ്പിനൊടുവിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ സ്ഥലത്ത് നിന്ന് കണ്ടെത്തി.
സംഭവസ്ഥലത്ത് നിന്ന് ഒരു എകെ-47 റൈഫിൾ, ഇൻസാസ് റൈഫിൾ, ബാരൽ ഗ്രനേഡ് ലോഞ്ചർ (ബിജിഎൽ), സ്ഫോടകവസ്തുക്കൾ, മാവോയിസ്റ്റ് ലഘുലേഖകൾ, മറ്റ് സാമഗ്രികൾ എന്നിവയും പൊലീസ് പിടിച്ചെടുത്തു.
കൊല്ലപ്പെട്ട നേതാക്കൾ തെലങ്കാനയിലെ കരിംനഗർ സ്വദേശികളാണ്. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി ബസ്തർ മേഖലയിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ദണ്ഡകാരണ്യ സ്പെഷ്യൽ സോണൽ കമ്മിറ്റിയിൽ സജീവമായിരുന്നു. സുരക്ഷാസേനയെയും സാധാരണക്കാരെയും ലക്ഷ്യമിട്ട് നടന്ന നിരവധി ആക്രമണങ്ങൾക്ക് പിന്നിൽ ഇവരാണെന്ന് പൊലീസ് വ്യക്തമാക്കി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സുരക്ഷാസേനയുടെ വിജയത്തെ അഭിനന്ദിച്ചു. “നക്സലൈറ്റുകൾക്കെതിരെ നമ്മുടെ സുരക്ഷാ സേനയ്ക്ക് ഇന്ന് മറ്റൊരു വലിയ വിജയം നേടാനായിരിക്കുന്നു” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
