‘ഹിന്ദു വിരുദ്ധതയില്‍ സിദ്ധരാമയ്യ-പിണറായി-സ്റ്റാലിന്‍ ത്രിമൂര്‍ത്തികള്‍’: തേജസ്വി സൂര്യ

പത്തനംതിട്ട: കേരളത്തിൽ ധര്‍മ സാമ്രാജ്യത്തിന് തുടക്കമാവുകയാണെന്ന് ബിജെപി എംപി തേജസ്വി സൂര്യ. ഹിന്ദു വിരുദ്ധ സർക്കാരാണ് ആഗോള അയ്യപ്പ സംഗമം നടത്തിയതെന്നും, അത് നടത്താന്‍ അവർക്കെന്തെങ്കിലും അവകാശമില്ലെന്നും അദ്ദേഹം വിമർശിച്ചു.

“മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്” എന്ന് പറഞ്ഞവർ തന്നെ മതപരിപാടി സംഘടിപ്പിക്കുന്നുവെന്നും, ഭക്തരേക്കാളേറെ ഒഴിഞ്ഞ കസേരകളാണ് പമ്പാ സംഗമത്തിൽ ഉണ്ടായിരുന്നതെന്ന് സൂര്യ പരിഹസിച്ചു. ഹിന്ദു വിരുദ്ധതയിൽ സിദ്ധരാമയ്യ, പിണറായി വിജയൻ, എം.കെ. സ്റ്റാലിൻ എന്നിവർ ത്രിമൂർത്തികൾ ആണെന്നും അദ്ദേഹം ആരോപിച്ചു.

പന്തളത്ത് ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തിൽ നടന്ന ശബരിമല സംരക്ഷണ സംഗമത്തിലാണ് അദ്ദേഹം സംസാരിച്ചത്.

“നമ്മുടെ ക്ഷേത്രങ്ങളും ആചാരങ്ങളും ആഘോഷങ്ങളും തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അത് തടയാൻ വിശ്വാസികൾ ഒന്നിക്കണം. നിരീശ്വരവാദി കമ്മ്യൂണിസ്റ്റ് ഭരണകൂടം തകരണം. കേരളത്തിൽ ബിജെപി ഭരണകൂടം വരണം” – തേജസ്വി സൂര്യ പറഞ്ഞു.

കര്‍ണാടകയിലെ ധര്‍മസ്ഥല കൂട്ടശവസംസ്‌കാര വിവാദം ചൂണ്ടിക്കാട്ടിയും അദ്ദേഹം പ്രതികരിച്ചു. “ആരാണെന്നറിയാത്ത ഒരാൾ വന്നിട്ട് ആയിരങ്ങൾ കൊല്ലപ്പെട്ടു എന്ന് പറയും. പിന്നാലെ കമ്മ്യൂണിസ്റ്റുകാർ അന്വേഷണം പ്രഖ്യാപിക്കും. കേരളവും തമിഴ്‌നാടും സ്പെഷ്യൽ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ പ്രഖ്യാപിച്ച് സ്ഥലത്തെത്തും. അവിടെ ഒന്നും തന്നെ ലഭിച്ചിട്ടില്ല. വിനോദയാത്ര വരുന്നതുപോലെയാണ്. ഇതുതന്നെയാണ് ശബരിമലയിലും നടക്കുന്നത്,” – അദ്ദേഹം കൂട്ടിച്ചേർത്തു.

malayalampulse

malayalampulse