അമേരിക്കക്കും-പാകിസ്ഥാനും താലിബാന്റെ താക്കീത്: ബഗ്രാം എയർബേസ് തിരിച്ചുപിടിച്ചാൽ യുദ്ധം അനിവാര്യമെന്ന് മുന്നറിയിപ്പ്

കാണ്ഡഹാർ: അഫ്ഗാനിസ്ഥാനിലെ ബഗ്രാം എയർബേസുമായി ബന്ധപ്പെട്ട അമേരിക്കയുടെ നീക്കങ്ങൾക്ക് നേരെ താലിബാൻ കടുത്ത മുന്നറിയിപ്പ് നൽകി.

“ബഗ്രാം വ്യോമതാവളം തിരികെ പിടിക്കാൻ യുഎസ് ശ്രമിച്ചാൽ, മറ്റൊരു യുദ്ധത്തിന് തയ്യാറെടുപ്പ് നടത്തും” – എന്നാണ് താലിബാൻ ഉന്നത നേതൃത്വ യോഗത്തിൽ എടുത്ത തീരുമാനം.

താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുംദ്സാദ അദ്ധ്യക്ഷനായ യോഗത്തിൽ മന്ത്രിസഭാംഗങ്ങൾ, രഹസ്യാന്വേഷണ മേധാവികൾ, സൈനിക കമാൻഡർമാർ, ഉലമാ കൗൺസിൽ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

പാകിസ്ഥാനെതിരായ മുന്നറിയിപ്പ്

യുഎസിനെ സഹായിക്കുന്നതിനായി പാകിസ്ഥാൻ സൈനിക, നയതന്ത്ര, ഗതാഗത സഹായം നൽകിയാൽ, ‘ശത്രുരാജ്യം’ എന്ന നിലയിൽ കണക്കാക്കുമെന്നും താലിബാൻ വ്യക്തമാക്കി. ഇതിനാൽ പാകിസ്ഥാന്റെ വിദേശനയത്തിൽ ഗുരുതര പ്രതിസന്ധി ഉടലെടുക്കുമെന്നാണ് വിലയിരുത്തൽ.

ദോഹ കരാർ ചൂണ്ടിക്കാട്ടി

അമേരിക്കയുടെ ആവശ്യം 2020ലെ ദോഹ കരാറിന് വിരുദ്ധമാണെന്ന് താലിബാൻ വ്യക്തമാക്കി.

“അഫ്ഗാനിസ്ഥാന്റെ ഒരിഞ്ച് ഭൂമിയും അമേരിക്കയ്ക്ക് വിട്ടുകൊടുക്കില്ല” – വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്തഖി വ്യക്തമാക്കി.

റഷ്യ, ചൈന, ഇറാൻ, പാകിസ്ഥാൻ, ഖത്തർ, യുഎഇ, സൗദി അറേബ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളോട് തങ്ങളുടെ നിലപാട് വ്യക്തമാക്കുമെന്നും താലിബാൻ അറിയിച്ചു.

എന്താണ് ബഗ്രാം എയർബേസ്?

9/11 ആക്രമണങ്ങൾക്ക് ശേഷം യുഎസ് സൈനികരുടെ പ്രധാന കേന്ദ്രമായി മാറിയതാണ് ബഗ്രാം എയർബേസ്. ആയിരക്കണക്കിന് തടവുകാരെ വിചാരണ കൂടാതെ ഇവിടെ തടവിലിട്ടിരുന്നു. 2021-ൽ യുഎസും നാറ്റോ സൈന്യവും ഇവിടെ നിന്ന് പിന്മാറി.

ഇറാൻ, പാകിസ്ഥാൻ, ചൈന, മധ്യേഷ്യ എന്നിവിടങ്ങളോട് അമേരിക്കക്ക് സ്ട്രാറ്റജിക് മേൽക്കൈ നൽകുന്ന കേന്ദ്രമാണ് ബഗ്രാം.

അടുത്തിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാർമറിനൊപ്പമുള്ള വാർത്താസമ്മേളനത്തിൽ, “ബഗ്രാം തിരികെ നേടാൻ ശ്രമിക്കുകയാണ്” എന്ന് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെളിപ്പെടുത്തിയിരുന്നു.

malayalampulse

malayalampulse