കൊച്ചി: ഭൂട്ടാനില്‍ നിന്നുള്ള ആഢംബര വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടന് അമിത് ചക്കാലക്കല്‍ നടത്തിയ യാത്രകള്‍ കസ്റ്റംസ് അന്വേഷിക്കുന്നു. അമിത് പലതവണയായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കു പോയത് കോയമ്പത്തൂര്‍ റാക്കറ്റിലെ അംഗങ്ങളെ കാണാനായിരുന്നുവെന്നതാണ് ഉദ്യോഗസ്ഥരുടെ നിഗമനം.
അമിത്തിന്റെ വിദേശയാത്രകളും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച അന്വേഷണം തുടരുകയാണെന്ന് കസ്റ്റംസ് വ്യക്തമാക്കി. ഭൂട്ടാനില്‍ നിന്ന് വാഹനങ്ങള്‍ എത്തിക്കുന്നതില്‍ അമിത് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ചും വ്യക്തത വരുത്തുകയാണ് ലക്ഷ്യം.
ഭൂട്ടാനില്‍ നിന്ന് കടത്തിയെന്ന് സംശയിക്കുന്ന എട്ട് വാഹനങ്ങള്‍ അമിത്തിന്റെ ഗാരേജില്‍ നിന്നും പിടികൂടിയിരുന്നു. ഇതില്‍ ഒരെണ്ണം മാത്രമാണ് തന്റേതെന്നും, ബാക്കിയുള്ളവ മോഡിഫിക്കേഷന് വേണ്ടി കൊണ്ടുവന്നവയാണെന്നുമാണ് അമിത് പ്രതികരിച്ചത്. ചില വാഹനങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്, റീ-റജിസ്ട്രേഷന് നടപടികളും നടന്നിട്ടില്ല.
ഇതിനാല്‍ നികുതി വെട്ടിച്ച് വാഹനങ്ങള്‍ കടത്തിയ ഇടനിലക്കാരുമായി അമിത്തിന് ബന്ധമുണ്ടെന്ന നിഗമനത്തിലാണ് കസ്റ്റംസ്.
