കരൂർ: നടൻ വിജയ്യുടെ തമിഴക വെട്രി കഴകം (TVK) കരൂരിൽ സംഘടിപ്പിച്ച റാലി വൻ ദുരന്തമായി. നിയന്ത്രണമില്ലാത്ത തിരക്കിൽ 39 പേർ മരിക്കുകയും 80-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ വിജയ് കടുത്ത നിയമക്കുരുക്കിലേക്ക് വീഴുകയാണ്.
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ് ആരംഭിച്ച സംസ്ഥാനതല പര്യടനത്തിന്റെ ഭാഗമായ കരൂർ റാലിയാണ് വൻ ദുരന്തത്തിൽ കലാശിച്ചത്. ജനസാഗരം നിയന്ത്രണാതീതമാകുകയും, തിരക്കിൽ ആളുകൾ കുഴഞ്ഞുവീണു മരിക്കുകയും ചെയ്തു.
കരൂർ മെഡിക്കൽ സൂപ്രണ്ട് സ്ഥിരീകരിച്ചതനുസരിച്ച് ഇതുവരെ 39 പേരുടെ മരണം സംഭവിച്ചിട്ടുണ്ട്. 80-ലധികം പേർ ആശുപത്രികളിൽ ചികിത്സയിലാണ്. ഗുരുതരാവസ്ഥയിൽ ഉള്ളവരും കുട്ടികളും ഉൾപ്പെടുന്നു.
സംഭവത്തിന് പിന്നാലെ വിജയ് വേദി വിട്ട് ചെന്നൈയിലെ വീട്ടിലെത്തുകയും, മാധ്യമങ്ങളോട് പ്രതികരിക്കാതെ സോഷ്യൽ മീഡിയയിൽ അനുശോചന കുറിപ്പ് മാത്രം പ്രസിദ്ധീകരിക്കുകയും ചെയ്തു. “ഹൃദയം തകർന്നിരിക്കുകയാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം.
ഡിഎംകെ നേതാക്കൾ ദുരന്തത്തിന്റെ ഉത്തരവാദിത്തം ടിവികെയുടേതാണെന്ന് ആരോപിച്ചു. കോൺഗ്രസ് വിജയ്യെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയർത്തി. ഇതിനിടെ ചെന്നൈയിലെ വിജയ് വീട്ടിന് മുന്നിൽ പൊലീസ് സുരക്ഷ ശക്തമാക്കി.
കോടതി നേരത്തെ തന്നെ റാലികൾക്കിടെ ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ, ഭിന്നശേഷിക്കാർ എന്നിവരെ ഉൾപ്പെടുത്തരുതെന്ന് നിർദ്ദേശിച്ചിരുന്നു. എങ്കിലും നിയന്ത്രണം പാലിക്കാതെ, 10,000 പേർക്ക് അനുമതി എടുത്തിട്ടും, ലക്ഷത്തിലേറെ പേർ എത്തിയതോടെ സാഹചര്യം നിയന്ത്രണാതീതമായി. ആംബുലൻസുകൾക്കും സ്ഥലത്തെത്താൻ സാധിക്കാതെ ആളുകൾ ജീവൻ നഷ്ടപ്പെടുത്തി.
നിയമ നടപടികളിൽ നിന്ന് വിജയ് രക്ഷപ്പെടുമോ, ഉത്തരവാദിത്തം ഏറ്റെടുത്ത് വിജയ് നിലപാട് വ്യക്തമാക്കുമോ എന്നാണ് ഇപ്പോൾ കാത്തിരിക്കുകയാണ്.
