കൊച്ചി: ലെവൽ ക്രോസുകൾ ഇല്ലാത്ത കേരളം എന്നത് സർക്കാരിൻ്റെ ലക്ഷ്യമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് വ്യക്തമാക്കി. ആലുവ നിയോജകമണ്ഡലത്തിലെ പുറയാർ റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
തടസമില്ലാത്ത റോഡുകളാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ കേരളത്തിൽ നിലനിൽക്കുന്ന പ്രധാന തടസമാണ് റെയിൽവേ ലെവൽ ക്രോസുകൾ. സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിൽ കിഫ്ബിയുടെ സഹായത്തോടെ കുറഞ്ഞത് 99 റെയിൽവേ മേൽപ്പാലങ്ങൾ നിർമ്മിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിൽ 23 പദ്ധതികൾക്ക് കേന്ദ്ര സർക്കാരിൻ്റെ സഹകരണവും ലഭിക്കും.
കാഞ്ഞങ്ങാട്, കൊടുവള്ളി, ഫറോക്ക്, തിരൂർ, ഗുരുവായൂർ, ചിറങ്ങര, മുളന്തുരുത്തി, കാരിത്താസ്, മാളിയേക്കൽ എന്നിവിടങ്ങളിലായി ഒൻപത് മേൽപ്പാലങ്ങൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. കേരളത്തിൻ്റെ ചരിത്രത്തിൽ ഇത്രയധികം മേൽപാലം പൂർത്തിയാക്കിയത് സർവകാല റെക്കോർഡാണെന്ന് മന്ത്രി പറഞ്ഞു.
ഏഴ് മേൽപ്പാലങ്ങളുടെ പ്രവർത്തനങ്ങൾ വിവിധ ഘട്ടങ്ങളിലാണ്. അതിലേക്ക് പുറയാർ റെയിൽവേ മേൽപ്പാലവും ചേർക്കുകയാണ്. 53.71 കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം. രണ്ട് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യം. നിർമ്മാണത്തിന്റെ ഓരോ ഘട്ടവും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസ് നേരിട്ട് നിരീക്ഷിക്കും.
ബജറ്റിന് പുറമേ വികസന പദ്ധതികൾക്ക് ആവശ്യമായ തുക കിഫ്ബിയിലൂടെ കണ്ടെത്തുന്നുണ്ട്. കിഫ്ബി ഏറ്റവും കൂടുതൽ ഫണ്ട് അനുവദിച്ച വകുപ്പുകളിൽ ഒന്നാണ് പൊതുമരാമത്ത് വകുപ്പ്. 136 റോഡുകളും 27 പാലങ്ങളും ഉൾപ്പെടെ 163 പദ്ധതികൾ ഇതിനോടകം പൂർത്തിയാക്കി. ഇതിന് 6616.13 കോടി രൂപ ചെലവഴിച്ചു. നിലവിൽ 8308.8 കോടി രൂപയുടെ 160 പദ്ധതികൾ പുരോഗമിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
പൊതുമരാമത്ത് വകുപ്പിൻ്റെ കീഴിലുള്ളത് 30,000 കിലോമീറ്റർ റോഡുകളാണ്. 2021-ൽ സർക്കാർ അധികാരത്തിലെത്തിയപ്പോൾ അഞ്ച് വർഷത്തിനിടെ 50 ശതമാനം റോഡുകൾ ബി.എം.ബി.സി. നിലവാരത്തിലേക്ക് ഉയർത്താനും നൂറ് പാലങ്ങൾ നിർമിക്കാനുമായിരുന്നു ലക്ഷ്യം. എന്നാൽ നാല് വർഷത്തിനുള്ളിൽ തന്നെ ഈ ലക്ഷ്യങ്ങൾ മറികടക്കാൻ കഴിഞ്ഞുവെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
