സമാധാന നൊബേലിന് ലോകം ഉറ്റുനോക്കുമ്പോൾ? സാഹിത്യ നൊബേൽ ഹംഗേറിയൻ എഴുത്തുകാരൻ ലാസ്ലോ ക്രാസ്നഹോർക്കായ്ക്ക്

ഓസ്ലോ ∙ സമാധാനത്തിനുള്ള ഇത്തവണത്തെ നൊബേൽ പുരസ്കാരം ആർക്കാകുമെന്നറിയാനായി ലോകം ഉറ്റുനോക്കുകയാണ്. ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും അനുയായികളും രംഗത്തെത്തിയതോടെയാണ് ഇത്തവണത്തെ സമാധാന നൊബേലിനെ ചുറ്റിപ്പറ്റിയ ആകാംക്ഷ ഉയർന്നത്.

ഇസ്രയേലും ഹമാസും തമ്മിൽ വർഷങ്ങൾ നീണ്ട യുദ്ധം അവസാനിപ്പിച്ചുകൊണ്ട് ഗാസയിൽ സമാധാന കരാർ സാധ്യമാക്കിയതോടെ ട്രംപിന് വേണ്ടിയുള്ള അനുയായികളുടെ മുറവിളി ശക്തമായി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പോലും ഈ ആവശ്യം പരസ്യമായി ഉന്നയിച്ചു. എന്നാൽ 2025 ജനുവരി വരെയുള്ള കാലയളവാണ് നൊബേൽ സമിതി പ്രധാനമായും വിലയിരുത്തുന്നത് എന്നതിനാൽ ട്രംപിന് ഈ വർഷം നൊബേൽ ലഭിക്കാൻ സാധ്യത കുറവാണെന്ന വിലയിരുത്തലും നിലനിൽക്കുന്നു. എങ്കിലും “അത്ഭുതങ്ങൾക്ക് വകയുണ്ടെന്നു” ട്രംപ് അനുകൂലികൾ പ്രതീക്ഷിക്കുന്നു. ഉച്ചയോടെ സസ്പെൻസ് അവസാനിക്കും.

അതേസമയം, 2025 ലെ സാഹിത്യ നൊബേൽ ഹംഗേറിയൻ സാഹിത്യകാരൻ ലാസ്ലോ ക്രാസ്നഹോർക്കൈയ്ക്കാണ് ലഭിച്ചത്. ഗൗരവ സാഹിത്യത്തെ അക്ഷരങ്ങളിലാവഹിച്ച ദുരന്തങ്ങളുടെ മഹാ വ്യാഖ്യാതാവ് എന്ന വിശേഷണമുള്ള ലാസ്ലോ, രാഷ്ട്രീയം പറയാൻ മടിക്കാത്ത എഴുത്തുകാരനാണ്.

പ്രമേയത്തിലും എഴുത്തിലും പുലർത്തിയ ഗഹനതയാണ് ലാസ്ലോയുടെ സാഹിത്യത്തിന്‍റെ സൗന്ദര്യം. 2015 മുതൽ നൊബേലിനായി സാധ്യത കൽപ്പിച്ചിരുന്ന ലാസ്ലോയ്ക്ക്, 71-ാം വയസ്സിലാണ് പുരസ്കാരം ലഭിച്ചത്.

1985-ൽ പ്രസിദ്ധീകരിച്ച സതന്താങ്കോ (Satantango)യിലൂടെ സാഹിത്യലോകത്ത് പ്രവേശിച്ച ലാസ്ലോ, ദി മെലങ്കളി ഓഫ് റെസിസ്റ്റൻസ്, വാർ ആൻഡ് വാർ, ദി ലാസ്റ്റ് വുൾഫ് ആൻഡ് ഹെർമെർ തുടങ്ങിയ കൃതികളിലൂടെ മനുഷ്യാവസ്ഥയുടെ ദുരന്തങ്ങളെ ആഴത്തിൽ ആവിഷ്‌കരിച്ചു.

കമ്യൂണിസത്തിന്റെ രാഷ്ട്രീയധാരയെയും സാമൂഹിക പരിവർത്തനങ്ങളെയും ആഴത്തിൽ പ്രതിഫലിപ്പിച്ച ലാസ്ലോ, തിരക്കഥാകൃത്ത് കൂടിയാണ്. 2015-ൽ മാൻ ബുക്കർ പ്രൈസും നേടിയ അദ്ദേഹം, ഹംഗേറിയൻ ഭാഷയിലും നിയമത്തിലും പാണ്ഡിത്യത്തിന് പ്രശസ്തനാണ്.

ലാസ്ലോയ്ക്ക് നൊബേൽ ലഭിക്കുന്നത്, ആധുനിക യൂറോപ്യൻ സാഹിത്യത്തെയും മനുഷ്യാവസ്ഥയുടെ ഗൗരവവീക്ഷണത്തെയും ഒരുപോലെ ആദരിക്കുന്നതാണെന്ന് നൊബേൽ സമിതി അറിയിച്ചു.

malayalampulse

malayalampulse