കൊച്ചി: കൊച്ചിയിലെ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുകയായിരുന്ന നിരീശ്വരവാദികളുടെ കൂട്ടായ്മയായ ‘എസ്സെൻസ്’ പരിപാടി തോക്ക് ഭീഷണിയെ തുടർന്ന് നിർത്തിവെച്ചു. രാവിലെ എട്ടുമണിക്ക് ആരംഭിച്ച പരിപാടിക്കിടെ തോക്കുമായി ഒരാൾ സ്റ്റേഡിയത്തിലേക്ക് പ്രവേശിച്ചതാണ് ആശങ്കക്കിടയാക്കിയത്.
പരിപാടിയിൽ സി. രവിചന്ദ്രനും ശ്രീജിത്ത് പണിക്കരും തമ്മിലുള്ള സംവാദം നടക്കുന്നതിനിടെ പോലീസ് ഇടപെട്ട് എല്ലാവരോടും പുറത്തിറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. സ്റ്റേഡിയത്തിൽ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ഏഴായിരത്തോളം പേർ നിലവിൽ പുറത്ത് കാത്തുനിൽക്കുകയാണ്.
തോക്ക് കണ്ടെത്തിയത് ബൗൺസർമാർ
ഉദയംപേരൂർ സ്വദേശിയായ ഒരാളാണ് അറസ്റ്റിലായത്. ഇയാളാണ് തോക്കുമായി പരിപാടി നടക്കുന്നിടത്തേക്ക് കടന്നതെന്നാണ് വിവരം. ബൗൺസർമാർ നടത്തിയ പരിശോധനയ്ക്കിടയിലാണ് തോക്ക് കണ്ടെത്തുകയും പോലീസിനെ അറിയിക്കുകയും ചെയ്തത്.
അറസ്റ്റിലായ ആൾ പോലീസിനോട് പറഞ്ഞത്, തൻ്റെ കൈവശം ഉണ്ടായിരുന്നത് ലൈസൻസ് ഉള്ള തോക്കാണെന്നും സ്വയരക്ഷയ്ക്ക് വേണ്ടിയാണ് അത് കൊണ്ടുവന്നതെന്നുമാണ്.
സംഭവത്തെ തുടർന്ന് ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ള സുരക്ഷാ വിഭാഗം സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തിവരികയാണ്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ആശങ്കപ്പെടേണ്ടെന്നും പോലീസ് അറിയിച്ചു.
പ്രമുഖ എഴുത്തുകാരിയായ തസ്ലീമ നസ്രിൻ വൈകുന്നേരം പരിപാടിയിൽ പങ്കെടുക്കാനിരിക്കെയാണ് ഇത്തരത്തിൽ ഒരു സംഭവം അരങ്ങേറിയത്.
കൊച്ചി ഇൻഡോർ സ്റ്റേഡിയത്തിൽ നിരീശ്വരവാദികളുടെ കൂട്ടായ്മയ്ക്കിടെ തോക്കുമായി ഒരാൾ പിടിയിൽ; പരിപാടി നിർത്തിവെച്ചു, ബോംബ് സ്ക്വാഡ് പരിശോധനയിൽ
