തിരുവനന്തപുരം: സംസ്ഥാനത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2,84,46,762 വോട്ടർമാരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിന് ശേഷം പുതിയ പോളിംഗ് സ്റ്റേഷൻ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. 2025 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് പൂര്‍ത്തിയായവരാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഇതിനു പുറമെ പ്രവാസി വോട്ടർപട്ടികയിൽ 2798 പേരും ഉൾപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്തെ 14 ജില്ലകളിലായി 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാർഡുകളിലെയും, 87 മുനിസിപ്പാലിറ്റികളിലെ 3,240 വാർഡുകളിലെയും, ആറ് കോർപ്പറേഷനുകളിലെ 421 വാർഡുകളിലെയും അന്തിമ വോട്ടർപട്ടികയാണ് പ്രസിദ്ധീകരിച്ചത്.
മട്ടന്നൂർ നഗരസഭ ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിനായാണ് ഈ വോട്ടർപട്ടിക തയ്യാറാക്കിയിരിക്കുന്നത്.
വോട്ടർപട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും — https://www.sec.kerala.gov.in — കൂടാതെ തദ്ദേശ സ്ഥാപനങ്ങൾ, താലൂക്ക്, വില്ലേജ് ഓഫീസുകൾ എന്നിവിടങ്ങളിലും പരിശോധനയ്ക്ക് ലഭ്യമാണ്.
സെപ്റ്റംബർ 29ന് പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ 2,83,12,468 വോട്ടർമാരായിരുന്നു, അതിൽ 1,33,52,961 പുരുഷന്മാർ, 1,49,59,236 സ്ത്രീകൾ, 271 ട്രാൻസ്ജെൻഡർ വ്യക്തികൾ ഉൾപ്പെട്ടിരുന്നു. ഇതിനു പുറമേ 2,087 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ടായിരുന്നു.
കരട് പട്ടികയ്ക്കെതിരെ ഒക്ടോബർ 14 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ച് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ (ERO) അന്തിമ പട്ടിക തയ്യാറാക്കിയതായി കമ്മീഷൻ അറിയിച്ചു.
