തിരുവനന്തപുരം: സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് അത്ലറ്റിക്സിൽ സൃഷ്ടിക്കപ്പെട്ട റെക്കോഡുകളുടെ എണ്ണം 2024 നെ മറികടന്നു. കഴിഞ്ഞവർഷം എട്ടു പുതിയ റെക്കോഡുകൾ ആണ് സൃഷ്ടിക്കപ്പെട്ടത്. ഒപ്പം 3 മുൻറെക്കോഡ് മറികടന്ന പ്രകടനങ്ങളും കണ്ടു. ഇവയെല്ലാം തന്നെ സീനിയർ വിഭാഗത്തിലും ആയിരുന്നു.
ഇത്തവണ പകുതി മത്സരങ്ങൾ കഴിയുമ്പോൾ തന്നെ 9 റെക്കോഡുകൾ തിരുത്തി എഴുതപ്പെട്ട കഴിഞ്ഞു. ഒപ്പം മുൻ റെക്കോഡ് മറികടന്ന് മൂന്ന് പ്രകടനങ്ങൾക്കും ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം സാക്ഷിയായി. കോരിച്ചൊരിഞ്ഞ മഴയ്ക്കും ട്രാക്കിലെ ആവേശത്തെ തളർത്താനായില്ലെന്ന് മാത്രമല്ല, അത് പ്രചോദിപ്പിക്കുകയാണ് ചെയ്തതെന്ന് തെളിയിക്കുകയാണ് കായികതാരങ്ങൾ.
കഴിഞ്ഞവർഷം കെ.സി. സർവൻ (ഷോട്ട് പുട്ട്, ഡിസ്കസ് ), മുഹമ്മദ് അമീൻ (1500 മീ. , 3000 മീ.), വിജയ് കൃഷ്ണ (110 മീ. ഹർഡിൽസ്), മുഹമ്മദ് അഷ്ഹാഖ് (400 മീ.) ശിവദേവ് രജീവ് (പോൾ വാൾട്ട്) എന്നിവർ സീനിയർ ബോയ്സിലും ജീന ബാസിൽ (പോൾ വാൾട്ട്) സീനിയർ ഗേൾസിലും റെക്കോഡ് കണ്ടെത്തി. സീനിയർ ബോയ്സിൽ കെ.സി. മുഹമ്മദ് ജസീൽ (1500 മീ. , 3000 മീ), എസ് ഷാഹുൽ (110 മീ. ഹർഡിൽസ്) എന്നിവർ അന്ന് നിലവിലുണ്ടായിരുന്ന റെക്കോഡിനെ മറികടക്കുന്ന പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.
ഈ വർഷം സ്ഥിതി മാറി. എല്ലാ വിഭാഗത്തിലും റെക്കോഡ് പ്രകടനങ്ങൾ ഇതിനകം സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു. സീനിയർ ബോയ്സിൽ ജെ. നിവേദ് കൃഷ്ണ (200 മീ.), എ.കെ. മുഹമ്മദ് സുൽത്താൻ (5 കി.മീ. നടത്തം), സി.കെ. ഫസൽ ഹഖ് (110 മീ. ഹർഡിൽസ്), ജൂനിയർ ബോയ്സിൽ ടി.എം. അതുൽ (100 മീ. , 200 മീ.), ജൂനിയർ ഗേൾസിൽ ദേവനന്ദ വി ബിജു (200 മീ.), ടി. സോനാ മോഹൻ (ഡിസ്കസ് ), സബ് ജൂനിയർ ഗേൾസിൽ എസ്. ആൻവിസ് ( 200 മീ.), ദേവപ്രിയ ഷൈബു (100 മീ.) എന്നിവർ റെക്കോഡ് ബുക്കിൽ തങ്ങളുടെ പേർ എഴുതിച്ചേർത്തു. ജൂനിയർ ബോയ്സിലെ 200 മീറ്ററിൽ എസ്. സിനിൽ, ശ്രീഹരി സി ബിനു എന്നിവരും മുൻ റെക്കോഡ് തകർക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. സീനിയർ ബോയ്സ് അഞ്ച് കിലോമീറ്റർ നടത്തത്തിൽ ആദിത്ത് വി അനിലും മുൻ റെക്കോഡ് സമയത്തെ മറികടന്നിരുന്നു. അത്ലറ്റിക്സിൽ ഇനിയും 45 മത്സരങ്ങൾ പൂർത്തിയാകാനുണ്ട്.
സ്കൂൾ ഒളിമ്പിക്സ് അത്ലറ്റിക്സ് റെക്കോഡ് : 2024 നെ മറികടന്ന് 2025
