ബിഹാർ തെരഞ്ഞെടുപ്പ്: ജനപ്രിയ വാഗ്ദാനങ്ങളുമായി മഹാസഖ്യത്തിന്റെ പ്രകടന പത്രിക

‘കുടുംബത്തിലെ ഒരാള്‍ക്ക് വീതം സര്‍ക്കാര്‍ ജോലി; സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപ ധനസഹായം; നിര്‍ധനര്‍ക്ക് 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടറുകള്‍; 200 യൂണിറ്റ് സൗജന്യ വൈദ്യുതി

ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം മുറുകുന്നതിനിടെ ജനപ്രിയ വാഗ്ദാനങ്ങളുമായി മഹാസഖ്യത്തിന്റെ (ആർജെഡി-കോൺഗ്രസ് ഉൾപ്പെടെയുള്ളവർ) പ്രകടന പത്രിക ‘തേജസ്വി പ്രതിജ്ഞാ പ്രാൺ’ പ്രകാശനം ചെയ്തു. അധികാരത്തിലെത്തിയാൽ 20 ദിവസത്തിനകം ഓരോ കുടുംബത്തിനും ഒരംഗത്തിന് സർക്കാർ ജോലി നിയമപരമായി ഉറപ്പാക്കുമെന്നതാണ് പത്രികയിലെ പ്രധാന വാഗ്ദാനം.

ആർജെഡി നേതാവും മുഖ്യമന്ത്രി സ്ഥാനാർഥിയുമായ തേജസ്വി യാദവ്, കോൺഗ്രസ് നേതാവ് പവൻ ഖേര, വിഐപി തലവൻ മുകേഷ് സഹാനി, സിപിഐ(എംഎൽ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ എന്നിവർ പട്‌നയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.
പ്രകടന പത്രിക ഒറ്റനോട്ടത്തിൽ: പ്രധാന വാഗ്ദാനങ്ങൾ

  • കുടുംബത്തിന് സർക്കാർ ജോലി: സർക്കാർ രൂപീകരിച്ച് 20 ദിവസത്തിനുള്ളിൽ ഓരോ കുടുംബത്തിലെയും ഒരാൾക്ക് വീതം സർക്കാർ ജോലി നൽകുന്ന നിയമം പാസാക്കും. 20 മാസത്തിനുള്ളിൽ ജോലി നൽകാൻ നടപടി ആരംഭിക്കും.
  • സ്ത്രീ ധനസഹായം: ‘മയി-ബെഹിൻ മാൻ യോജന’ പ്രകാരം സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ (അടുത്ത അഞ്ച് വർഷത്തേക്ക് പ്രതിവർഷം 30,000 രൂപ) സാമ്പത്തിക സഹായം നൽകും.
  • സൗജന്യ ആനുകൂല്യങ്ങൾ:
  • പ്രതിമാസം 200 യൂണിറ്റ് സൗജന്യ വൈദ്യുതി.
  • നിർധനർക്ക് 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടറുകൾ.
  • തൊഴിൽ സ്ഥിരത: മുഴുവൻ കരാർ, ഔട്ട്സോഴ്സ് തൊഴിലാളികളെയും സ്ഥിരം ജീവനക്കാരാക്കും. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കും.
  • വനിത സ്വയം സഹായ സംഘങ്ങൾ: കമ്മ്യൂണിറ്റി മൊബിലൈസർമാരുടെ (സി.എം) ജോലി സ്ഥിരപ്പെടുത്തി പ്രതിമാസം 30,000 രൂപ നൽകും. വായ്പകളുടെ പലിശ എഴുതിത്തള്ളുകയും രണ്ട് വർഷത്തേക്ക് മൊറട്ടോറിയം ഏർപ്പെടുത്തുകയും ചെയ്യും.
  • വഖഫ് ബിൽ: വഖഫ് (ഭേദഗതി) ബിൽ നിർത്തിവയ്ക്കും. വഖഫ് സ്വത്തുക്കളുടെ നടത്തിപ്പ് സുതാര്യമാക്കും.
  • കാർഷിക മേഖല: എല്ലാ വിളകൾക്കും മിനിമം താങ്ങുവില (എം.എസ്.പി) ഉറപ്പാക്കും. മത്സ്യകൃഷിക്കും മൃഗസംരക്ഷണത്തിനും പ്രത്യേക ഊന്നൽ നൽകും.
  • വികസന പദ്ധതികൾ: ബിഹാറിൽ 2000 ഏക്കറിൽ വിദ്യാഭ്യാസ നഗരം, വ്യവസായ ക്ലസ്റ്ററുകൾ, അഞ്ച് പുതിയ എക്‌സ്പ്രസ് വേകൾ എന്നിവ നിർമ്മിക്കും.
malayalampulse

malayalampulse