പി എം ശ്രീ പദ്ധതി: “മന്ത്രിസഭാ ഉപസമിതി വെറും തട്ടിപ്പാണ്; സി.പി.ഐ.യെ പറ്റിച്ച മുഖ്യമന്ത്രി” – വി.ഡി. സതീശൻ

തിരുവനന്തപുരം | പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രി പിണറായി വിജയനെ ശക്തമായി വിമർശിച്ചു. പി.എം. ശ്രീ പദ്ധതിയിൽ ഒപ്പിട്ടതുമായി ബന്ധപ്പെട്ട കാതലായ ചോദ്യങ്ങൾക്കു മറുപടി പറയാതെ മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കരാർ ഒപ്പിട്ടതിന് ശേഷം മാത്രമാണ് മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചതെന്ന് ചൂണ്ടിക്കാട്ടി, “മന്ത്രിസഭാ ഉപസമിതി മുഖം രക്ഷിക്കാനുള്ള തട്ടികൂട്ട് പരിപാടിയാണ്. അത് വെറും തട്ടിപ്പാണ്, സി.പി.ഐ. എങ്കിലും മനസിലാക്കണം,” എന്നും സതീശൻ പറഞ്ഞു.

സതീശൻ പറഞ്ഞു: “ഇടത് മുന്നണിയിൽ സി.പി.ഐ.യെക്കാൾ സ്വാധീനം ബി.ജെ.പി.ക്കാണ് എന്ന് സംശയമില്ലാതെ തെളിഞ്ഞിരിക്കുന്നു. സി.പി.ഐ. ചോദിച്ച ചോദ്യത്തിന് മറുപടി പറയാനാകാതെ മുഖ്യമന്ത്രി ‘ഹ…ഹ…ഹ…’ എന്ന് ചിരിയല്ല മറുപടി.”

പി.എം. ശ്രീ പദ്ധതിയിൽ തുടക്കം മുതൽ സർക്കാർ എടുത്ത നിലപാട് ദുരൂഹമാണെന്നും, ആരാണ് മുഖ്യമന്ത്രിയെ ബ്ലാക്ക് മെയിൽ ചെയ്തതെന്ന് വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പി.എം. ശ്രീ പദ്ധതിയിൽ ഒപ്പുവച്ച ധാരണാപത്രം പുനഃപരിശോധിക്കുമെന്നും, മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച് റിപ്പോർട്ട് വരുംവരെ പദ്ധതി മരവിപ്പിക്കുമെന്നും അറിയിച്ചു.

വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ രൂപീകരിച്ച ഏഴംഗ ഉപസമിതിയിൽ കെ. രാജൻ, റോഷി അഗസ്റ്റിൻ, പി. രാജീവ്, പി. പ്രസാദ്, കെ. കൃഷ്ണൻകുട്ടി, എ. കെ. ശശീന്ദ്രൻ എന്നിവർ അംഗങ്ങളാണ്.

സി.പി.ഐ. ഉയർത്തിയ ശക്തമായ പ്രതിഷേധത്തിന് പിന്നാലെയാണ് സർക്കാർ പിന്മാറ്റം പ്രഖ്യാപിച്ചത്. പിണറായി വിജയൻ സർക്കാർ സി.പി.ഐ.യുടെ സമ്മർദ്ദത്തിന് വഴങ്ങുന്നത് ഒമ്പത് വർഷത്തിനിടെ ആദ്യമായാണ്.

malayalampulse

malayalampulse