ബിഹാർ പോളിങ് ബൂത്തിലേക്ക്; ജനവിധി തേടുന്നവരിൽ തേജസ്വി അടക്കം പ്രമുഖർ

പട്‌ന: ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് അൽപസമയത്തിനകം ആരംഭിക്കും. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 1341 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ് സമയം. എന്നാൽ സുരക്ഷാ ഭീഷണി നേരിടുന്ന രണ്ട് മണ്ഡലങ്ങളിൽ വോട്ടെടുപ്പ് വൈകിട്ട് അഞ്ചിന് അവസാനിക്കും.

ബിഹാർ ഉപമുഖ്യമന്ത്രിമാരായ സമ്രാട്ട് ചൗധരി, വിജയ് കുമാർ സിന്ഹ, പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, ആർജെഡി വിട്ട് പുതിയ പാർട്ടി രൂപീകരിച്ച തേജ്പ്രതാപ് യാദവ്, ഗായകരായ മൈഥിലി ഠാക്കൂർ, രിതേഷ് രഞ്ജൻ പാണ്ഡെ എന്നിവരും മത്സരരംഗത്തുള്ള പ്രമുഖരിൽപ്പെടുന്നു.

രണ്ടാംഘട്ട വോട്ടെടുപ്പ് നവംബർ 11-ന്, ഫലം നവംബർ 14-ന് പ്രഖ്യാപിക്കും.

അവസാന നിമിഷം രാഹുൽ ഗാന്ധി ഉയർത്തിയ “ഹരിയാന വോട്ട് ചോരി” ആരോപണം ബിഹാറിലുടനീളം രാഷ്ട്രീയ ചർച്ചയായിരിക്കുകയാണ്. മഹാസഖ്യം തോൽവിയുറപ്പിച്ചതുകൊണ്ടാണ് ഈ ആരോപണം ഉയർന്നതെന്ന് ബിജെപിയും ജെഡിയുവും ആരോപണത്തെ ചെറുക്കുന്നു.

അതേസമയം, വോട്ടും സർക്കാരിനെയും “കൊള്ളയടിക്കുന്നവർക്ക് വോട്ടിലൂടെ മറുപടി നൽകണം” എന്ന് രാഹുൽ ഗാന്ധി ബിഹാറിലെ ജനങ്ങളോടും യുവാക്കളോടും അഭ്യർത്ഥിച്ചു.

“വോട്ട് ചോരി, സർക്കാർ ചോരി ഗൂഢാലോചനയെ പരാജയപ്പെടുത്തണം. വോട്ടിലൂടെ ജനാധിപത്യത്തെയും ബിഹാറിനെയും സംരക്ഷിക്കണം. ഹരിയാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ വോട്ട് കൊള്ള രാജ്യം കണ്ടു. ഇപ്പോൾ ബിഹാറാണ് ലക്ഷ്യം,” — രാഹുൽ ഗാന്ധി പറഞ്ഞു.

രാഹുലിന്റെ ആഹ്വാനം ബിഹാറിൽ ഇന്ത്യാ സഖ്യത്തിന്റെ പ്രചാരണത്തിന് പുതുജീവൻ നൽകുമോ എന്നതും ഇപ്പോൾ രാഷ്ട്രീയ നിരീക്ഷകർ ആകാംക്ഷയോടെ നോക്കിക്കൊണ്ടിരിക്കുന്നു.

malayalampulse

malayalampulse