കൊച്ചി: അങ്കമാലിയിലെ കറുകുറ്റിയില്‍ നാടിനെ നടുക്കിയ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തില്‍ അമ്മൂമ്മ കുറ്റസമ്മതം നടത്തി. ദേഷ്യം മൂലമാണ് കുഞ്ഞിനെ കൊന്നതെന്ന് ഇവര്‍ പൊലീസിനോട് മൊഴി നല്‍കി. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇതുവരെ മറ്റൊന്നും വെളിപ്പെടുത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ഈ ഭീകര കൊലപാതകം നടന്നത്. കുഞ്ഞിനെ കൊലപ്പെടുത്താന്‍ കാരണമായ യഥാര്‍ഥ കാരണം ഇതുവരെ വ്യക്തമല്ല. ദേഷ്യം പിടിച്ച് കുഞ്ഞിന്റെ കഴുത്തില്‍ കത്തി അമര്‍ത്തിയെന്നത് മാത്രമാണ് ഇവരുടെ മൊഴി. പ്രതിയായ അമ്മൂമ്മയെ കസ്റ്റഡിയിലെടുത്ത് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനാണ് പൊലീസ് തീരുമാനം.
കുഞ്ഞിന്റെ കഴുത്തില്‍ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അമിതരക്തസ്രാവം മൂലമാണ് മരണം സംഭവിച്ചത്. 60 വയസുള്ള പ്രതിയായ ഡെയ്‌സിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് ബന്ധുക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ശരീരത്തിലെ സോഡിയം കുറയുമ്പോള്‍ ഇവര്‍ക്ക് മാനസിക അസ്വസ്ഥതയുണ്ടാകാറുണ്ടായിരുന്നു. വിഷാദരോഗത്തിനായി മരുന്ന് കഴിക്കാറുണ്ടായിരുന്നുവെന്നും വിവരമുണ്ട്.
മരണപ്പെട്ട ഡല്‍ന മരിയ സാറ കറുകുറ്റി സ്വദേശികളായ ആന്റണിയുടെയും റൂത്തിന്റെയും മകളാണ്. അസുഖബാധിതരായതിനെ തുടര്‍ന്ന് റൂത്ത് ഒരു വര്‍ഷം മുമ്പ് സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. കുഞ്ഞിന്റെ മാമോദീസ കഴിഞ്ഞ് ചെല്ലാനത്തേക്ക് മടങ്ങാനിരിക്കെ ദാരുണസംഭവം നടന്നു.
ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ കുഞ്ഞിനെ കുളിപ്പിച്ച ശേഷം അമ്മ റൂത്ത് ഭക്ഷണമെടുക്കാനായി അകത്തേക്ക് പോയതും തിരികെ വന്നപ്പോള്‍ കുഞ്ഞ് ചോരയില്‍ കുളിച്ച നിലയില്‍ കിടക്കുന്നതും ആയിരുന്നു. ബഹളം കേട്ട് അയല്‍ക്കാരും വീട്ടുകാര്‍ എത്തിയപ്പോള്‍ കുഞ്ഞിനെ വാരിയെടുത്ത് നില്‍ക്കുന്നത് പിതാവ് ആന്റണിയായിരുന്നു.
തുടര്‍ന്ന് കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുറിവിന്റെ സ്വഭാവത്തില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.
