ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ ഉഗ്രസ്ഫോടനത്തിനു പിന്നിൽ പാകിസ്ഥാനിലെ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ആണെന്നു സൂചനകൾ. സ്ഫോടനം പുൽവാമ ഭീകരാക്രമണവുമായി സാമ്യമുള്ളതാണെന്നു പ്രാഥമിക തെളിവുകൾ സൂചിപ്പിക്കുന്നു.
ഏകദേശം മൂന്ന് മാസങ്ങൾക്ക് മുൻപ് നടന്ന പഹൽഗാം ആക്രമണവുമായി സാമ്യമുള്ള മറ്റൊരു ആക്രമണം നടത്താനാണ് ജെയ്ഷെ മുഹമ്മദ് ശ്രമിച്ചതെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
സ്ഫോടനത്തിൽ യുഎപിഎ ചുമത്തി ചാന്ദ്നിചൗക് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിനു മണിക്കൂറുകൾക്കുമുമ്പ് ജമ്മു കശ്മീർ, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നായി മൂന്ന് ഡോക്ടർമാരടക്കം എട്ട് പേർ പിടിയിലായത് ഭീകരസംഘടനയുടെ ശൃംഖലയെ വ്യക്തമാക്കുന്നു. ഇവരിൽ നിന്നു 2900 കിലോ സ്ഫോടകവസ്തുക്കളും 360 ഗ്രാം ആർഡിഎക്സും പിടിച്ചെടുത്തതായി റിപ്പോർട്ട്.
പിടിയിലായവർ ജെയ്ഷെ മുഹമ്മദ്യും അൻസാർഘസ് വാത് ഉൽഹിന്ദ്യുമായ ഭീകരസംഘടനകളിലെ പ്രവർത്തകരാണെന്ന് പൊലീസ് അറിയിച്ചു.
ആഭ്യന്തരമന്ത്രി അമിത് ഷാ സുരക്ഷാ ഉദ്യോഗസ്ഥരുമായി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിലാണ് യോഗം നടക്കുന്നത്.
വൈകീട്ട് തിരക്കേറിയ സമയത്താണ് സ്ഫോടനം നടത്തിയത്. ചെങ്കോട്ടയും ജുമാമസ്ജിദും ചാന്ദ്നിചൗക് മാർക്കറ്റും സന്ദർശിക്കുന്നവരുടെ തിരക്ക് കൂടുതലായതിനാൽ, ഈ സമയം തിരഞ്ഞെടുത്തതാകാമെന്ന് പൊലീസ് നിരീക്ഷണം.
30 സെക്കൻഡോളം നീണ്ട ശക്തമായ സ്ഫോടനത്തിൽ രണ്ടര കിലോമീറ്റർ അകലെവരെ പ്രകമ്പനം അനുഭവപ്പെട്ടതായി ദൃക്സാക്ഷികൾ പറയുന്നു. തീ അണയ്ക്കാൻ അഗ്നിശമനസേനയ്ക്ക് അരമണിക്കൂറിലേറെ സമയമെടുത്തു.
പൊട്ടിത്തെറിയ്ക്കിരയായത് ഹരിയാന രജിസ്ട്രേഷൻ ഹ്യുണ്ടായ് ഐ20 കാറാണ്. ഈ വാഹനം ഡൽഹിയിൽ പലയിടങ്ങളിലും സഞ്ചരിച്ചതായി കണ്ടെത്തി. ചാവേർ ബോംബാക്രമണമാണെന്നു അന്വേഷണ സംഘം സംശയിക്കുന്നു.
കാറിൽ മൂന്ന് പേരുണ്ടായിരുന്നതായാണ് പ്രാഥമിക നിഗമനം. കറുത്ത മാസ്കിട്ടയാൾ റെഡ് ഫോർട്ടിലെ പാർക്കിംഗിൽ നിന്ന് കാറുമായി പുറപ്പെട്ട ദൃശ്യങ്ങൾ പുറത്തുവന്നു. വാഹനം ചെങ്കോട്ടയ്ക്ക് മുന്നിൽ മൂന്നു മണിക്കൂറോളം നിർത്തിയിരുന്നതായി പൊലീസ് വ്യക്തമാക്കി.
സംഭവസ്ഥലത്തെ നൂറോളം സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അന്വേഷണം ഭീകരാക്രമണസാധ്യത തള്ളിക്കളയാതെ മുന്നോട്ട് പോകുന്നു.
