ശനിയാഴ്ച രാത്രി നടക്കേണ്ട വിവാഹ ചടങ്ങുകൾക്ക് മണിക്കൂറുകൾ മാത്രം അവശേഷിക്കേയായിരുന്നു കൊലപാതകം
ഗാന്ധിനഗർ: ഗുജറാത്തിലെ ഭാവ്നഗറിലെ ടെക്രി ചൗക്കിന് സമീപം പ്രതിശ്രുതവധുവിനെ വരൻ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്ന ദാരുണ സംഭവം അരങ്ങേറി. വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ സാജൻ ബരെയ്യ എന്ന യുവാവ് ലിവ്-ഇൻ ബന്ധത്തിലായിരുന്ന സോണി ഹിമ്മത് റാത്തോഡിനെയാണ് കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
സാരിയും പണവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. കൊലപാതകത്തിന് ശേഷം വീടും അടിച്ചുതകർത്ത ശേഷമാണ് സാജൻ സ്ഥലത്ത് നിന്നും ഓടിയത്. ശനിയാഴ്ച അയൽക്കാരനുമായി സാജൻ തർക്കത്തിലേർപ്പെട്ടതായും അതിനെ തുടർന്ന് ഇയാൾക്കെതിരെ പരാതി ലഭിച്ചിരുന്നെന്നും പൊലീസ് വെളിപ്പെടുത്തി.
കഴിഞ്ഞ ഒന്നര വർഷമായി ലിവ് ഇൻ ബന്ധത്തിലായിരുന്ന സാജനും സോണിയും വിവാഹത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുകയായിരുന്നു. വിവാഹ നിശ്ചയവും ചടങ്ങുകളും പൂർത്തിയായ സാഹചര്യത്തിലായിരുന്നു പ്രശ്നങ്ങൾ രൂക്ഷമായത്. തർക്കത്തിനിടെ സാജൻ ഇരുമ്പ് പൈപ്പുകൊണ്ട് സോണിയെ അടിക്കുകയും തല ഭിത്തിയിൽ ഇടിക്കുകയും ചെയ്തതോടെ യുവതി തൽക്ഷണം മരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
