തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക നൽകിയവർക്ക് ഇന്ന് കൂടി സ്ഥാനാർഥിത്വം പിൻവലിക്കാം. ഉച്ചയ്ക്ക് മൂന്ന് മണിവരെ വരണാധികാരിക്ക് നോട്ടീസ് നൽകി പത്രിക പിൻവലിക്കാം. അതിനുശേഷം അന്തിമ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും.
സംസ്ഥാനത്ത് 1,54,547 നാമനിർദ്ദേശ പത്രികകൾ ലഭിച്ചപ്പോൾ 2,479 എണ്ണം തള്ളിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥർക്കുള്ള പോസ്റ്റൽ ബാലറ്റ് വിതരണം നവംബർ 26 മുതൽ ആരംഭിക്കും.
വിമതരെ അനുനയിപ്പിക്കാൻ മുന്നണികളുടെ തിരക്കുപിടിത്തം
നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായതിനാൽ, വിവിധ മുന്നണികൾക്കും പാർട്ടികൾക്കും വിമത സ്ഥാനാർത്ഥികളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ അവസാന ഘട്ടത്തിലെത്തി.
തൃശൂർ
എൽഡിഎഫിനുള്ളിൽ സീറ്റ് തർക്കത്തെത്തുടർന്ന് കേരള കോൺഗ്രസ് സ്വന്തം നിലയിൽ മൂന്ന് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവരെ പിൻവലിപ്പിക്കാൻ ശ്രമം തുടരുന്നു. ചില വാർഡുകളിൽ കോൺഗ്രസിലും വിമത സ്ഥാനാർത്ഥികൾ നിലനിൽക്കുന്നു.
വയനാട്
യൂത്ത് കോൺഗ്രസ് നേതാവ് ജഷീർ പള്ളിവയൽ വിമത സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. മുതിർന്ന നേതാക്കൾ ഇടപെട്ടതായാണ് സൂചന.
കോഴിക്കോട്
കുന്ദമംഗലത്ത് വിമത പ്രശ്നങ്ങൾ തീർക്കാനുള്ള ചർച്ചകൾ നടക്കുന്നു. കോർപറേഷനിലെ ചാലപ്പുറം വാർഡിൽ കോൺഗ്രസ് വിമതൻ അയൂബ് മത്സരരംഗത്ത് തുടരും.
പത്തനംതിട്ട
കോട്ടുമൺ ഡിവിഷനിൽ യുഡിഎഫ് വിമത സ്ഥാനാർത്ഥിയായ തട്ടയിൽ ഹരികുമാർ പിന്മാറുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.
കോട്ടയം
നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനെതിരെ കോൺഗ്രസ് വിമതനായ പ്രേം ജോസ് കൂരമറ്റം മത്സരിക്കുന്നു.
പാലാ നഗരസഭയിൽ 19-ാം വാർഡിൽ സിറ്റിങ് കൗൺസിലറായ രാഹുൽ കോൺഗ്രസ് വിമത സ്ഥാനാർത്ഥിയാണ്.
ഏറ്റുമാനൂരിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗം വി. ജയപ്രകാശിനെതിരെ സിപിഎം പ്രവർത്തകൻ വി.പി. ബിനീഷ് മത്സരരംഗത്ത്.
എരുമേലിയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിക്കെതിരെ ലീഗ് വിമതനും രംഗത്തുണ്ട്.
ബിജെപി സിറ്റിങ് സീറ്റ് വിട്ടുനൽകാത്തതിനെ തുടർന്ന് പള്ളിക്കത്തോട്ടിൽ ബിഡിജെഎസ് ഒരു സീറ്റിലും മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചു.
കൊല്ലം
അഞ്ചൽ ഡിവിഷനിൽ ഡിസിസി നിർവാഹസമിതി അംഗം പി.ബി വേണുഗോപാൽ കൂടാതെ മുസ്ലിംലീഗ് നേതാവ് അഞ്ചൽ ബദറുദ്ദീൻ നാമനിർദ്ദേശം സമർപ്പിച്ചു. ഇവരിൽ ഒരാളെ പിൻവലിപ്പിക്കുന്നതിനായി ചർച്ച തുടരുന്നു.
കോർപ്പറേഷനിലെ വിമത പ്രശ്നങ്ങൾ തീർക്കാനും ശ്രമം തുടരുന്നു.
