ജാർഖണ്ഡിൽ രക്തം സ്വീകരിച്ച കുട്ടികൾക്ക് എച്ച്ഐവി; മൂന്നു ദാതാക്കൾ എച്ച്ഐവി ബാധിതർ

റാഞ്ചി: ജാർഖണ്ഡിൽ ബ്ലഡ് ബാങ്കിൽ നിന്ന് രക്തം സ്വീകരിച്ച കുട്ടികൾക്ക് എച്ച്.ഐ.വി സ്ഥിരീകരിച്ച സംഭവത്തിൽ നിർണായക പുരോഗതി. രക്തം നൽകിയ ദാതാക്കളിൽ മൂന്ന് പേർ എച്ച്.ഐ.വി ബാധിതരായിരുന്നുവെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി ഇർഫാൻ അൻസാരി അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് കുട്ടികളുടെ കുടുംബം സർക്കാർ ആശുപത്രിക്കെതിരെ കൂടുതൽ പരാതികളും നൽകി.

ബ്ലഡ് ബാങ്കിൽ നിന്ന് രക്തം എത്തിച്ചത് ആശുപത്രി ജീവനക്കാരായിരുന്നുവെങ്കിലും, “രക്തം കുടുംബം തന്നെയാണ് ക്രമീകരിച്ചത്; പാർശ്വഫലങ്ങൾക്ക് ആശുപത്രിക്ക് ഉത്തരവാദിത്വമില്ല” എന്ന രീതിയിൽ ഒപ്പിട്ടെടുത്തു എന്നാണ് കുടുംബങ്ങളുടെ ഗുരുതര ആരോപണം.

2023 മുതൽ ഇതുവരെ 259 പേർ രക്തം ദാനം ചെയ്തതായി രേഖകളിൽ കാണപ്പെടുന്നു. ഇവരിൽ ഓരോരുത്തരുമായി ആരോഗ്യ വകുപ്പ് ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ഒക്ടോബറിലാണ് സിംഗ്ഭൂം ജില്ലയിലെ സർക്കാർ ആശുപത്രിയിൽ രക്തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്ഐവി സ്ഥിരീകരിച്ചത്. കഴിഞ്ഞ വാരം തലാസീമിയ രോഗം ബാധിച്ച മറ്റൊരു അഞ്ച് കുട്ടികൾക്കും രക്തം സ്വീകരിച്ചതിനെ തുടർന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

സംഭവത്തിൽ ജാർഖണ്ഡ്ഹൈക്കോടതി സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. രോഗം ബാധിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം മുഖ്യമന്ത്രിയും പ്രഖ്യാപിച്ചിട്ടുണ്ട്.

malayalampulse

malayalampulse