തിരുവനന്തപുരം: ബലാത്സംഗ കേസിൽ പ്രതിയായ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ എട്ടാം ദിവസവും ഒളിവിലാണ്. കർണാടകയിലെ വിവിധ ഇടങ്ങളിലാണ് അദ്ദേഹം ഒളിച്ചിരിപ്പുന്നതായി അന്വേഷണ സംഘം സ്ഥിരീകരിക്കുന്നു. അതേസമയം, രാഹുലിന്റെ മുൻകൂർ ജാമ്യ അപേക്ഷയിൽ തിരുവനന്തപുരത്തെ ജില്ലാ കോടതി ഇന്ന് വിധി പ്രഖ്യാപിക്കാനിടയുണ്ട്. തുടർ വാദം ഇന്ന് നടക്കും, കൂടാതെ പ്രോസിക്യൂഷൻ കൂടുതൽ തെളിവുകൾ കോടതിയിൽ സമർപ്പിക്കാനും ഒരുങ്ങുകയാണ്.
രാഹുലിനെ പിടികൂടാനായി പ്രത്യേക അന്വേഷണം സംഘം വയനാട്–കർണാടക അതിർത്തിയിൽ ശക്തമായ നിരീക്ഷണം തുടരുകയാണ്. രാഹുൽ ഒളിവിൽ താമസിച്ച സ്ഥലങ്ങളിൽ SIT എത്തുന്നതിനു മുമ്പായി അദ്ദേഹം മാറ്റം വരുത്തിയതായി ലഭിക്കുന്ന വിവരം പോലീസിൽ നിന്ന് വിവരം ചോരുന്നതിന്റെ സാധ്യത ഉയർത്തുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. അതിനാൽ SIT-യുടെ എല്ലാ നീക്കങ്ങളും ഇപ്പോൾ പൂർണ രഹസ്യമായി തുടരാനാണ് ഉന്നത പോലീസ് നേതൃത്വത്തിന്റെ നിർദേശം.
യുവതിയുടെ മൊഴിയെ സഹായിക്കുന്ന തെളിവുകളാണ് ഇന്ന് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിക്കുന്നത്. യുവതിയുമായി ഉണ്ടായിരുന്നത് ഉഭയസമ്മതബന്ധമാണെന്നും, ബലാത്സംഗമോ ഗർഭഛിദ്ര നിർബന്ധമോ ഉണ്ടായിട്ടില്ലെന്നുമാണ് രാഹുലിന്റെ വാദം. എന്നാൽ ബലാത്സംഗവും ഗർഭഛിദ്രത്തിനുള്ള പ്രേരണയും തെളിയിക്കുന്ന ശക്തമായ തെളിവുകളും സാക്ഷി മൊഴികളും ഉണ്ടെന്ന് പ്രോസിക്യൂഷൻ നേരത്തെ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
ഇതിനിടെ, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതിൽ താമസിക്കുന്നതിനെതിരെ കോൺഗ്രസിന്റെ ഹൈക്കമാൻഡ് അതൃപ്തി പ്രകടിപ്പിച്ചു. പരാതിയെത്തിയ ദിവസം തന്നെ നടപടി സ്വീകരിക്കണമെന്ന് എഐസിസി നിർദേശിച്ചിരുന്നെങ്കിലും കെപിസിസി നേതൃത്വത്തിന്റെ തീരുമാനം കോടതിവിധി കാത്തിരിക്കാനാണ്. ഇതിനെതിരെ സംസ്ഥാന നേതാക്കൾക്കിടയിൽ ഗൗരവമായ ഭിന്നതയും രൂപപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല, വി എം സുധീരൻ, കെ മുരളീധരൻ തുടങ്ങി പലരും അടിയന്തര നടപടി ആവശ്യപ്പെട്ട് തങ്ങളുടെ നിലപാട് കെപിസിസിയും എഐസിസിയും അറിയിച്ചിട്ടുണ്ട്.
രാഹുലിനെ പുറത്താക്കൽ ഒഴികെ പാർട്ടിക്ക് “മുഖം രക്ഷിക്കാൻ“ മറ്റൊരു വഴിയില്ല എന്നതാണ് ഭൂരിഭാഗം നേതാക്കളുടെ നിലപാട്.
