ജയിലില്‍ നിരാഹാരം തുടര്‍ന്ന് ആരോഗ്യനില വഷളായി; രാഹുല്‍ ഈശ്വര്‍ വീണ്ടും ആശുപത്രിയില്‍

തിരുവനന്തപുരം: അതിജീവിതയെ അപമാനിച്ച കേസില്‍ ജയിലില്‍ നിരാഹാരം തുടര്‍ന്നതു മൂലം ആരോഗ്യനില വഷളായതിനെ തുടർന്ന് രാഹുല്‍ ഈശ്വറിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിരാഹാര സമരം തുടരുന്നതിനിടെ ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമായതിനെ തുടര്‍ന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഇവിടെ രാഹുലിന് ഡ്രിപ്പ് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

ആരോഗ്യനില മെച്ചപ്പെട്ട ഉടൻ രാഹുലിനെ തിരികെ ജയിലിലേക്ക് മാറ്റുമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.

കേസിന്റെ പശ്ചാത്തലം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ അപമാനിച്ചെന്ന കേസിലാണ് രാഹുല്‍ ഈശ്വർ അറസ്റ്റിലായത്. കേസിലെ അഞ്ചാം പ്രതിയായ അദ്ദേഹം പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് ഇപ്പോൾ.

രാഹുലിന് ജാമ്യം നിഷേധിച്ച വഞ്ചിയൂർ മജിസ്ട്രേറ്റ് കോടതി,

രാഹുല്‍ സ്ഥിരം കുറ്റവാളിയാണെന്ന്, ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന്, അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയതായി ശക്തമായ തെളിവുണ്ടെന്ന് വിലയിരുത്തുകയായിരുന്നു.

രാഹുലിന്റെ അഭിഭാഷകന്‍ ഇവയെല്ലാം നിഷേധിച്ചെങ്കിലും കോടതി വാദങ്ങൾ തള്ളുകയായിരുന്നു. ലൈംഗിക ചുവയോടെ അതിജീവിതയെ അധിക്ഷേപിച്ചെന്ന ആരോപണം ഗൗരവമുള്ളതാണെന്ന് കോടതി കണ്ടെത്തി.

നവംബർ 30നാണ് അതിജീവിതയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയതിനും അധിക്ഷേപിച്ചതിനും രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. സൈബർ അധിക്ഷേപത്തിന് ജാമ്യമില്ലാ വകുപ്പും ചേർത്തിരുന്നു.

ഈ കേസിൽ പത്തനംതിട്ട മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രഞ്ജിത പുളിക്കൽ ഒന്നാം പ്രതിയും കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ അഞ്ചാം പ്രതിയുമാണ്.

malayalampulse

malayalampulse