തൃശൂർ: കിഫ്ബിയുടെ മസാലാ ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ കനത്ത പ്രതികരണവുമായി. “ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ” എന്ന് തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. ഇ.ഡി. നോട്ടീസ് ലഭിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ആദ്യ പൊതുപ്രതികരണമാണ് ഇത്.
കിഫ്ബി വഴി നടപ്പാക്കുന്ന പശ്ചാത്തല വികസന പദ്ധതികൾക്കായുള്ള ധനസംഖ്യ റിസർവ് ബാങ്ക് നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾക്കനുസൃതമായിട്ടാണ് ചെലവഴിക്കപ്പെടുന്നതെന്നും, RBIയുടെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി ഒരു നടപടിയും നടന്നിട്ടില്ലെന്നും പിണറായി വ്യക്തമാക്കി.
സംസ്ഥാനത്ത് നടപ്പാക്കാൻ പോകുന്ന നാല് വൻകിട അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി 20,000 കോടി രൂപയുടെ ഭൂമി ഏറ്റെടുക്കലാണ് നടക്കേണ്ടത്. ഈ തുക കണ്ടെത്തുന്നത് കിഫ്ബിയിലൂടെ ആയിരിക്കുമെന്നും, ഈ വികസന പദ്ധതികൾ തടയാനാണ് ഇ.ഡി. ശ്രമിക്കുന്നതെങ്കിൽ അത് നടക്കാൻ പോകുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
FEMA നിയമലംഘനമാണ് കിഫ്ബി മസാലാ ബോണ്ട് ഇടപാടിൽ നടന്നതെന്ന് ഇ.ഡി. കണ്ടെത്തിയതിനെ തുടർന്നാണ് പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് എന്നിവർക്കുൾപ്പെടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഡ്‌ജുഡിക്കേറ്റിംഗ് അതോറിറ്റിയുടെ കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. വിദേശനാണ്യ ഇടപാടുകളുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്‌ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമർപ്പിച്ച അന്തിമ റിപ്പോർട്ടിനെ തുടർന്നാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഡൽഹി ആസ്ഥാനമായ അതോറിറ്റിയാണ് നിലവിൽ നടപടി കൈകാര്യം ചെയ്യുന്നത്. നോട്ടീസ് ലഭിച്ചവർക്ക് നേരിട്ടോ, പ്രതിനിധി വഴിയോ, അഭിഭാഷകൻ വഴിയോ മറുപടി നൽകാൻ അവസരം ലഭിക്കും.
ഫെമ ലംഘനം നടന്നതായി തെളിഞ്ഞാൽ സമാഹരിച്ച തുകയുടെ പരമാവധി 300 ശതമാനം വരെ പിഴ ചുമത്താനുള്ള അധികാരം അതോറിറ്റിക്ക് ഉണ്ടെന്നാണ് റിപ്പോർട്ട്. ഈ നീക്കം സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കും സാമ്പത്തിക നയങ്ങൾക്കും ഗൗരവമായ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ.
