പത്തനംതിട്ട: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് നീതി ലഭിച്ചുവെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ അദ്ദേഹം പ്രതികരിച്ചത്. ദിലീപുമായി വർഷങ്ങളായി വ്യക്തിപരമായ ബന്ധമുണ്ടെന്നും, പ്രത്യേക വ്യക്തി എന്ന നിലയിൽ ദിലീപ് കുറ്റവിമുക്തനായതിൽ സന്തോഷമുണ്ടെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.
“നടി എന്ന നിലയിൽ ആ കുട്ടിയോടൊപ്പമാണ് ഞങ്ങൾ. എന്നാൽ നീതി എല്ലാവർക്കും വേണം. ദിലീപിന് കോടതി തന്നെയാണ് നീതി നൽകിയിരിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഉണ്ടാക്കിയെടുത്ത കേസാണെന്ന് ദിലീപ് പറഞ്ഞിട്ടുണ്ട്. മറ്റൊരു ജോലി ഒന്നും ഇല്ലാത്തതിനാൽ സർക്കാർ അപ്പീലിൽ പോകും. ആരെയൊക്കെ ഉപദ്രവിക്കാം എന്ന് മാത്രം നോക്കുന്ന സർക്കാറാണ് ഇപ്പോഴുള്ളത്,” എന്ന് അടൂർ പ്രകാശ് ആരോപിച്ചു.
അതേസമയം, കേസിൽ കുറ്റവിമുക്തനായ ദിലീപ് നിയമനടപടികൾക്ക് ഒരുങ്ങുകയാണ്. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും, പ്രത്യേക അന്വേഷണ സംഘം സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചുവെന്നും ദിലീപ് ആരോപിച്ചു. “എന്നെയും കുടുംബത്തെയും സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്താൻ ശ്രമിച്ചു. മാധ്യമങ്ങൾ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് വിരോധം സൃഷ്ടിച്ചു. കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ച ശേഷം ഗൂഢാലോചനക്കാരെതിരെ നടപടിയിലേക്ക് നീങ്ങും,” എന്ന് ദിലീപ് പറഞ്ഞു.
ആറ് പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം കേസിൽ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നതായും പിന്നീട് ചില ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതായും ദിലീപ് ആരോപിച്ചു. ഈ കാര്യങ്ങൾ സർക്കാർ അന്വേഷിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവച്ചു.
ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചനയും തെളിവ് നശിപ്പിക്കലും എന്നീ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് എറണാകുളം സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. പൾസർ സുനി അടക്കം ആറുപേരെ കുറ്റക്കാരെന്നും, ദിലീപിനെ വെറുതെ വിടുന്നതായും ജഡ്ജി ഹണി എം. വർഗീസ് ഉത്തരവിട്ടിരുന്നു. പ്രതികൾക്ക് ശിക്ഷ ഡിസംബർ 12ന് വിധിക്കും.
