തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ ആര്? തീരുമാനം രാജീവ് ചന്ദ്രശേഖർ പറയും: വി.വി. രാജേഷ്

തിരുവനന്തപുരം

തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി ആരെ തെരഞ്ഞെടുത്തേക്കുമെന്ന കാര്യത്തിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മറുപടി പറയുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് പറഞ്ഞു. പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തുമെന്നും അദ്ദേഹം അറിയിച്ചു. കൃത്യമായ തീയതി വ്യക്തമല്ലെങ്കിലും 45 ദിവസത്തിനുള്ളിൽ സന്ദർശനം ഉണ്ടാകുമെന്നതാണ് പാർട്ടി നേതൃത്വത്തിന്റെ സൂചന.

കോർപ്പറേഷനിലെ ശക്തമായ വിജയത്തോടെ ബിജെപി ഭരണത്തിലേറുന്ന സാഹചര്യത്തിൽ, വി.വി. രാജേഷിനെ മേയറാക്കാനാണ് പാർട്ടിക്കുള്ളിൽ പ്രധാന ആലോചന. ആർ. ശ്രീലേഖയെയും പരിഗണിക്കുന്നുണ്ടെന്നും, സമ്മതം ലഭിച്ചാൽ അവരെ ഡെപ്യൂട്ടി മേയറാക്കാനാണ് സാധ്യതയെന്നും റിപ്പോർട്ടുകളുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താനും ശ്രീലേഖയ്ക്ക് പാർട്ടി നിർദേശം നൽകിയിട്ടുണ്ട്.

തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി ഉന്നത കേന്ദ്രങ്ങൾ നൽകിയ സൂചന പ്രകാരം 45 സീറ്റുകളിൽ ഉറപ്പ് ഉണ്ടെന്നും അഞ്ച് വാർഡുകളിൽ ഇഞ്ചോടിഞ്ച് മത്സരമുണ്ടെന്നും വിലയിരുത്തിയിരുന്നു. ഫലം വന്നപ്പോൾ കൃത്യമായി 50 സീറ്റുകളിലെത്തിയാണ് ബിജെപി മുന്നേറ്റം നടത്തിയത്. ഇത് ആകസ്മികമല്ലെന്നും മാസങ്ങളായി ‘വരാഹി’ ഉൾപ്പെടെയുള്ള പി.ആർ ഏജൻസികൾ നടത്തിയ സർവേകളും ആസൂത്രിത പ്രവർത്തനങ്ങളുമാണ് വിജയത്തിന് പിന്നിലെന്നുമാണ് പാർട്ടി വിശദീകരണം.

ജാതി-മത അടിസ്ഥാനത്തിൽ വോട്ടർ ലിസ്റ്റുകൾ തയ്യാറാക്കി, ഓരോ പേജിനും പ്രത്യേക ചുമതലക്കാരെ നിയോഗിച്ചായിരുന്നു പ്രചാരണം. ഫീൽഡിലെ പ്രവർത്തനങ്ങൾ നേരിട്ട് നിരീക്ഷിക്കാൻ പ്രത്യേക ആപ്ലിക്കേഷനും ഉപയോഗിച്ചു. പാർട്ടി ആസ്ഥാനമായ കെജി മാരാർ ഭവനത്തിന് പുറമെ മൂന്നു കേന്ദ്രങ്ങളിലായി തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആസൂത്രണം ചെയ്തിരുന്നു.

കേവല ഭൂരിപക്ഷം ഉറപ്പാക്കാൻ പാറ്റൂരിൽ നിന്ന് വിജയിച്ച സ്വതന്ത്രൻ എം. രാധാകൃഷ്ണനെ ഒപ്പം നിർത്താനുള്ള നീക്കവും സജീവമാണ്. സ്റ്റാൻഡിംഗ് കൗൺസിൽ അധ്യക്ഷ സ്ഥാനം നൽകാനാണ് ആലോചന. വിജയിച്ചാൽ ബിജെപിയെ പിന്തുണയ്ക്കുമെന്ന് നേരത്തെ ധാരണയുണ്ടായിരുന്നുവെന്നും നേതാക്കൾ പറയുന്നു.

malayalampulse

malayalampulse